മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലൂടെ തനിനിറം ജനം തിരിച്ചറിഞ്ഞു -ഉണ്ണിത്താൻ
text_fieldsകാസർകോട്: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തോടെ സി.പി.എമ്മിന്റെ തനിനിറം ജനം മനസ്സിലാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
ബി.ജെ.പിക്ക് ഒരു എം.പിയെ ഉണ്ടാക്കുന്നതിനായി ലോകപ്രശസ്തമായ തൃശൂർപൂരം കലക്കാനും പിണറായി വിജയന് ഒരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല.
മനസ്സിനുള്ളിൽ കാളകൂട വിഷവും പുറത്ത് പഞ്ചസാരയുടെ മധുരവുമായി നടക്കുന്ന പൂതനയുടെ സ്വഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഉണ്ണിത്താൻ ആക്ഷേപിച്ചു. ആർ.എസ്.എസ്-എ.ഡി.ജി.പി രഹസ്യചർച്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിണറായി വിജയന്റെ മനസ്സിൽ ഒരു വർഗീയവാദി കുടികൊള്ളുന്നതാണ് യഥാർഥ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല യു.ഡി.എഫ് കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. ഫൈസൽ, എ. ഗോവിന്ദൻ നായർ, സി.ടി. അഹമ്മദാലി, വി.കെ.പി. ഹമീദലി, ഹക്കീം കുന്നിൽ, എ. അബ്ദുറഹിമാൻ, എം.പി. ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, അഡ്വ. എ. ഗോവിന്ദൻ നായർ തുടങ്ങിയവർ സംസാരിച്ചു.

