പോളത്താളി സംരക്ഷിക്കാൻ പിലിക്കോട് പഞ്ചായത്ത്
text_fieldsപാടിക്കീൽ അയ്യങ്ങാകുള പരിസരത്ത് വളർന്ന് നിൽക്കുന്ന പെരിയ പോളത്താളി
ചെറുവത്തൂർ: അതീവഗുരുതരമായ വംശ നാശ ഭീഷണി നേരിടുന്ന പെരിയ പോളത്താളിയെ സംരക്ഷിക്കാൻ പിലിക്കോട് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ കൊടക്കാട് പാടിക്കീൽ അയ്യങ്ങാകുള പരിസരത്ത് പെരിയ ‘പോളത്താളി : പഠനവും സംരക്ഷണവും’ കൂട്ടായ്മ സംഘടിപ്പിച്ചു. ‘ക്രൈനം മലബാറിക്കം’ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പെരിയ പോളത്താളി എന്ന ജല സസ്യം വടക്കൻ മലബാറിലെ അപൂർവം ഗ്രാമങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളൂ. അൽഷിമേഴ്സ് (മറവി രോഗം), ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കുള്ള ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്ന ‘ഗാലന്തമൈൻ’ എന്ന രാസ സംയുക്ത സാന്നിധ്യം പോളത്താളിയുടെ കിഴങ്ങുകളിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് സസ്യത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ ഔദ്യോഗിക സസ്യം കൂടിയാണിത്. പെരിയയിലാണ് സസ്യഗവേഷകർ ഇതിനെ ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ടാണ് പെരിയ ചേർന്നുവന്നത്. ഇതിനെ തുടർന്ന് ലോകത്തിലെ നിരവധി സസ്യശാസ്ത്ര ഗവേഷകർ തുടർ ഗവേഷണങ്ങൾക്കായി പെരിയയിൽ എത്തുന്നുണ്ട്. ഉത്തര മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുത്ഭവിക്കുന്ന അരുവികളിൽ മാത്രം കാണപ്പെടുന്ന അപൂർവ സസ്യമാണ് മനോഹരമായ പൂക്കളോടുകൂടിയ പെരിയ പോളത്താളി.
2012ൽ മഹാരാഷ്ട്രയിലെ കോലാപ്പൂർ സർവകലാശാലയിലെ ഗവേഷകരാണ് പെരിയയിൽ പോളത്താളിയെ കണ്ടെത്തിയത്. തുടർന്ന് പേര് പെരിയ പോളത്താളിയായി. രണ്ടു മുതൽ നാലു മീറ്റർ വരെ നീളമുള്ള നീണ്ട ഇലകൾ പുഷ്പികൾക്കിടയിലെ ഏറ്റവും നീളം കൂടിയതാണ്. ആറുമുതൽ 13 വരെ പൂക്കളുണ്ടാകും. ചെങ്കൽകുന്നുകളുടെ നാശം പോളത്താളിയുടെ വംശഹത്യക്ക് കാരണമായി. പിലിക്കോട് പാടിക്കീൽ അയ്യങ്ങാ കുളത്തിനിടത്ത് സസ്യം കണ്ടെത്തിയതോടെയാണ് പിലിക്കോട് ജൈവ വൈവിധ്യ പരിപാലന സമിതി സംരക്ഷിക്കാൻ തീരുമാനിച്ചു.
ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ പാടിക്കീൽ അയ്യങ്ങാകുള പരിസരത്ത് നടന്ന ചടങ്ങിൽ പിലിക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ, ഗൈഡായ അധ്യാപിക കെ.പി.സിന്ധു, സസ്യം കണ്ടെത്തിയ കെ.വി.ഗൗതം, നിവേദ് സുരേഷ് എന്നിവർക്ക് സാക്ഷ്യ പത്രം വിതരണം ചെയ്തു. പഞ്ചായത്ത് അംഗം സി. സന്ധ്യ ഉപഹാരങ്ങൾ സമ്മാനിച്ചു. കൊടക്കാട് നാരായണൻ, കൊടക്കാട് കേളപ്പജി മെമോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടി.കാഞ്ചന, കെ.ശശിധരൻ അടിയോടി എന്നിവർ സംസാരിച്ചു. ടി.വി. ശ്രീധരൻ സ്വാഗതവും പ്രദീപ് കൊടക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

