പെരുന്നാളപ്പം വിപണിയിൽ
text_fieldsവിപണിയിലെ പെരുന്നാളപ്പങ്ങൾ
കാസർകോട്: ചന്ദ്രക്കല തെളിയുന്നതും കാത്ത് പെരുന്നാളിനായുള്ള വിശ്വാസികളുടെ കാത്തിരിപ്പിൽ ആഘോഷത്തിനുള്ള പൊലിമ കൂട്ടാൻ പെരുന്നാളപ്പം വിപണിയിലിറങ്ങി.
അസഹ്യമായ ചൂടുകാലത്ത് നോമ്പുനോറ്റ് അപ്പം ചുടാൻ പ്രയാസപ്പെടുന്നവർക്ക് ഏത് അപ്പം വേണമെങ്കിലും ഇപ്പോൾ വിപണിയിൽനിന്ന് കിട്ടുമെന്നത് വീട്ടമ്മമാർക്ക് ആശ്വാസമാകുന്നുണ്ട്. കിട്ടുന്ന പലഹാരങ്ങളൊക്കെ ‘ഹോം മേഡ്’ ഐറ്റങ്ങൾ തന്നെയാണ്.
പെരുന്നാൾ ദിവസം വീടുകളിലെ തീൻമേശയിൽ വിവിധ തരം അപ്പങ്ങൾ കൊണ്ട് നിറയും. ഒപ്പം വിവിധതരം ജ്യൂസുകളും. പഴയകാലത്ത് നോമ്പ് 25 കഴിഞ്ഞാൽ അപ്പങ്ങൾ ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും വീട്ടമ്മമാർ. വീട്ടിൽ മരുമക്കളൊക്കെ വന്നതോടുകൂടി പുതുമയുള്ള അപ്പങ്ങളും പെരുന്നാൾ വിഭവങ്ങളിൽ ഇടംപിടിച്ചു. പെരുന്നാളിന് പെരുന്നാളപ്പം നിർബന്ധമാണ് എന്നതാണ് വീട്ടമ്മമാർക്കുള്ളത്. ഒപ്പം കുട്ടികൾക്കും.
പെരുന്നാൾ അപ്പങ്ങളിൽ കാസർകോട്ടുകാർക്ക് ചട്ടിപ്പത്തൽ, പൊരിയപ്പം എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. പൊരിച്ചെടുക്കുന്ന കടല, നിരക്കടല അപ്പങ്ങളാണ് നേരത്തെ ഉണ്ടാക്കിത്തുടങ്ങുക. ഇതിൽ നിരക്കടല പൊരിച്ചത് വൈകിവന്ന പലഹാരമാണ്. ഇതുപോലെ ഈത്തപ്പഴവും കശുവണ്ടി (കൊട്ട കാച്ചി) യുമൊക്കെ പൊരിച്ചെടുത്ത് അപ്പങ്ങളുണ്ടാക്കും.
പൈസ പത്തൽ, നെയ്യട, ബീഡിയപ്പം, സൊറോട്ട അങ്ങനെ പോകുന്നു അപ്പങ്ങളുടെ പേരുകൾ.
ഇപ്പോൾ ബേക്കറികളിലാണ് പെരുന്നാളപ്പം സ്ഥാനംപിടിച്ചിരിക്കുന്നത്. ഇതുവരെ നോമ്പുതുറക്കുള്ള പലഹാരങ്ങളായിരുന്നു വിറ്റിരുന്നത്. വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന പെരുന്നാളപ്പങ്ങൾ വിപണിയിലെത്തുമ്പോൾ ചട്ടിപ്പത്തൽ 280 രൂപ, സൊറോട്ട 320, കൊട്ടകാച്ചിയത് 250, ഈത്തപ്പഴം പൊരിച്ചത് 300, പൊരിയപ്പം 280, നെയ്യട 380, കടലപ്പം 280 ഇങ്ങനെയാണ് വിപണിവില. ഇത് ചില വീട്ടമ്മമാർ വീടുകളിലും ഉണ്ടാക്കി വിൽപന നടത്തുന്നുമുണ്ട്.
തീൻമേശ നിറയാൻ പെരുന്നാൾ ദിവസവും രാവിലെ ഉണ്ടാക്കുന്ന ഐറ്റങ്ങൾ വേറെയുമുണ്ട്.
നെയ്യപ്പം, ബേക്കാച്ചി (പഴംപൊരി), ഉണ്ണിയപ്പം, മധുരക്കിഴങ്ങ് പൊരി എന്നിങ്ങനെയുള്ളവയും വീട്ടമ്മമാർ ഉണ്ടാക്കും. ഇതൊക്കെ കൂടുമ്പോഴാണ് കാസർകോട്ടുകാരുടെ പെരുന്നാൾ ‘പൊൽസ്’ പൂർത്തിയാകുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ മാനത്തുദിക്കുന്ന ചന്ദ്രക്കലയെയും കാത്ത് വീട്ടുമുറ്റത്ത് കുട്ടികൾ പൂത്തിരി കത്തിച്ചും ചെറിയ പടക്കങ്ങൾ പൊട്ടിച്ചും ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പ്. ഒപ്പം, പുതുവസ്ത്രമണിയാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

