പെരിയ എയർസ്ട്രിപ്; സ്ഥലപരിശോധനക്ക് നിർദേശം
text_fieldsകാസർകോട്: പെരിയ എയർസ്ട്രിപ്പിനായുള്ള ഭൂമി പരിശോധിച്ച് തിട്ടപ്പെടുത്താൻ കലക്ടറെ ചുമതലപ്പെടുത്തി. സർക്കാർ ഇടപെടലിലാണ് തീരുമാനം. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ചെറു വിമാനത്താവളത്തിന്റെ പ്രവൃത്തി വേഗത്തിലാക്കാനുള നീക്കം ഗതാഗതവകുപ്പിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചു. ഇതിനായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പും കേന്ദ്ര സർക്കാറിൽ കേന്ദ്രീകരിച്ച് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒന്നരമാസം മുമ്പ് എയർസ്ട്രിപ് സംബന്ധിച്ച യോഗം ചേർന്നിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ബി.ആർ.ഡി.സി ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ട്.
80 ഏക്കർ ഭൂമിയാണ് പെരിയയിൽ കണ്ടുവെച്ചിട്ടുള്ളത്. സമീപത്തെ സ്വകാര്യ ഭൂമികൾ ആവശ്യമുണ്ടോയെന്ന പരിശോധനയും ആവശ്യമാണ്. കലക്ടറുടെ മേൽനോട്ടത്തിൽ ഇതിനായുള്ള പരിശോധന നടക്കും. ഏവിയേഷൻ മന്ത്രാലയത്തിന്റെ ചെറുകിട വിമാനത്താവള വികസന പദ്ധതിയായ ഉഡാനിൽ 129 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിക്ക് വേഗം വർധിച്ചത്. ഉഡാന്റെ മൂന്നാംഘട്ട വിമാനത്താവള വികസന പദ്ധതിയിലാണ് തുക നീക്കിവെച്ചിരിക്കുന്നത്.
ജില്ലയിൽ ഭൂമി ലഭ്യമാകാനുള സാധ്യതയുണ്ടാകുകയും അതേസമയം, എളുപ്പത്തിൽ വന്നുപോകാനുള്ള യാത്രാസൗകര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നത് വികസനത്തിന് വലിയ തടസ്സമാകുന്നുണ്ട്. വലിയ വിദ്യാഭ്യാസ, ചലച്ചിത്ര, ഹോട്ടൽ, മറ്റു സംരംഭക ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര സർവകലാശാല കേരളയിലേക്ക് അതിഥികൾ കടന്നുവരുന്നത് ഏറെയും മംഗളുരു ബജ്പെ വിമാനത്താവളം വഴിയാണ്. സംസ്ഥാന സർക്കാറും വിമാനം വാടകക്ക് എടുത്തു തുടങ്ങി.
ബേക്കലിൽ കൂടുതൽ റിസോർട്ടുകൾ കടന്നുവരുന്നു. ഈ രീതിയിൽ യാത്രാസൗകര്യത്തിന്റെ കാര്യത്തിൽ കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കെയാണ് പെരിയ എയർസ്ട്രിപ്പിന്റെ ആവശ്യം ശക്തിപ്പെടുന്നത്. അതേസമയം, സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി എയർസ്ട്രിപ്പ് പദ്ധതിയുടെ വഴി തടയുമോ എന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

