റോഡുകൾ തകർന്നു; നടുവൊടിഞ്ഞ് യാത്രക്കാർ
text_fieldsതായലങ്ങാടി റോഡിന് സമീപമുണ്ടായ ഗർത്തം
കാസർകോട്: മഴക്കുമുമ്പ് നവീകരിച്ച നഗരത്തിലെ മിക്ക റോഡുകളും തകർച്ചയുടെ വക്കിൽ. പല റോഡുകളിലേയും ജില്ലികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്. റെയിൽവേ സ്റ്റേഷൻ റോഡിലെ മിക്ക സ്ഥലങ്ങളും തകർന്നിട്ടുണ്ട്. തെരുവത്ത് പള്ളിക്ക് മുന്നിലുള്ള റോഡ് മുതൽ കറന്തക്കാട് വരെയുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് മേയ് മാസത്തിൽ ടാറിങ് നടത്തിയത്.
എന്നാൽ, ശക്തമായ മഴവെള്ളപ്പാച്ചിലിൽ തായലങ്ങാടി മദ്റസക്ക് സമീപത്തെ ഫൂട്പാത്തിന് അരികിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയിൽ പല കുഴികളും കാണാത്ത രീതിയിൽ മഴവെള്ളം കെട്ടിനിൽക്കുകയാണ്. ഇരുചക്രവാഹനങ്ങളടക്കം ഇതിൽ വീണ് വലിയ അപകടത്തിനിടയാക്കുകയാണ്. മിക്ക റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. ഏറെ തിരക്കേറിയ ചെമ്മനാട് വഴിയുള്ള കെ.എസ്.ടി.പി റോഡിൽ കളനാട് വരെ വലുതും ചെറുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്ക് മുമ്പുതന്നെ ഇവിടെ കുഴികൾ രൂപപ്പെട്ടിരുന്നു.
പാലത്തിലും വിടവുകളുണ്ട്. കറന്തക്കാട്-മധൂർ വഴി പോകുന്ന ജങ്ഷനിലും റോഡിൽ വലിയ കുഴികളാണുള്ളത്. ആറുവരിപ്പാതയുടെ സമീപത്തുള്ള റോഡുകളുടേയും അവസ്ഥ ഇതുതന്നെ. മല്ലികാർജുന ക്ഷേത്രത്തിന് പിന്നിലെ റോഡുകളുടെ പലഭാഗങ്ങളും തകർന്നിട്ട് മാസങ്ങളായി. പൈപ്പുകളിടാൻ കുഴിക്കുന്ന കുഴികളും നികത്താത്ത അവസ്ഥയാണ്. റോഡുകളുടെ പെട്ടെന്നുള്ള തകർച്ചക്ക് കാരണം പ്രവൃത്തിയിലുള്ള പാകപ്പിഴവാണെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

