യാത്രാസൗകര്യത്തിനായി ഒന്നിച്ച് നാട്ടുകാർ
text_fieldsനാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച കാട്ടിപ്പൊയിൽ-ചേടിക്കുണ്ട് റോഡ്
നീലേശ്വരം: യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഒരു റോഡ് നിർമിക്കണമെന്ന ആവശ്യത്തിനായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിൽ-ചേടിക്കുണ്ട് പ്രദേശത്തെ നാട്ടുകാർ ഒന്നിച്ചു.
ഏറെക്കാലത്തെ ആവശ്യമായിരുന്ന കാട്ടിപ്പൊയിൽ സ്കൂൾ-ചേടിക്കുണ്ട് റോഡ് ആണ് നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും രംഗത്തിറങ്ങിയതോടെ നാട്ടുകൂട്ടായ്മയിൽ പിറവിയെടുത്തത്. പുതിയതായി നിർമിച്ച റോഡിന് ഒരു കിലോമീറ്ററിലധികം നീളമുണ്ട്. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നംമൂലമാണ് റോഡ് നിർമാണം വൈകിയത്.
യാത്രാസൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ കാട്ടിപ്പൊയിൽ സദ്ഗമയ സാംസ്കാരിക സമിതി പ്രവർത്തകർ റോഡ് പൂർത്തീകരിക്കുന്നതിനായി രംഗത്തിറങ്ങി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. തുടർന്ന് ചേടിക്കുണ്ട് കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.
റോഡിന് സ്ഥലം വിട്ടുനൽകിയവരെയും സദ്ഗമയ സാംസ്കാരിക സമിതി പ്രവർത്തകരെയും നാട്ടുകാരുടെ നേതൃത്വത്തിൽ ചേർന്ന യോഗം അഭിനന്ദിച്ചു. ജനാർദനൻ കാറളം അധ്യക്ഷതവഹിച്ചു. ജോബിൻ, ജോജി, ജസ്ന, രാജൻ എന്നിവർ സംബന്ധിച്ചു. കെ.എൻ. രതീഷ് സ്വാഗതവും കെ.ടി. ദിവ്യേഷ് നന്ദിയും പറഞ്ഞു.

