റെയിൽ സുരക്ഷാവേലി; ആശങ്കയിൽ പ്രദേശവാസികൾ
text_fieldsകാസർകോട് ജില്ലയിലെ ഒരു റെയിൽ ഇരട്ടപ്പാത
കാസർകോട്: റെയിൽപാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി കെട്ടുന്നതിൽ ആശങ്ക അറിയിച്ചു പ്രദേശവാസികൾ. നേരത്തെ തന്നെ ജില്ലയിലെ വിവിധഭാഗങ്ങളിൽ കാലങ്ങളായി ജനം ഉപയോഗിച്ചു കൊണ്ടിരുന്ന വഴികൾ സുരക്ഷയുടെ പേരിൽ അടച്ചിട്ടത് ദുരിതം സൃഷ്ടിച്ചിരുന്നു. സുരക്ഷാവേലി കെട്ടി വഴികൾ മൊത്തത്തിൽ അടച്ചിടാനാണ് ഇപ്പോൾ റെയിൽവേ നീക്കം.
പാളങ്ങളിൽ വർധിച്ചു വരുന്ന അപകടങ്ങളും കന്നുകാലികളുടെ കടന്നുകയറ്റവും തടയാനെന്ന പേരിലാണ് റെയിൽവേ സുരക്ഷാവേലി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇത് പ്രദേശത്തുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് കൂടി വലിയ പ്രയാസമുണ്ടാക്കും. രോഗികളും മത്സ്യത്തൊഴിലാളികളും വിദ്യാർഥികളുമാണ് ഏറെ ബുദ്ധിമുട്ടേണ്ടി വരിക. വന്ദേ ഭാരത് പോലുള്ള ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സുരക്ഷവേലി സ്ഥാപിക്കുന്നതെന്നാണ് റെയിൽവേ വിശദീകരണം. റെയിൽവേ സുരക്ഷ കമീഷണർ ഇതുസംബന്ധിച്ച് സർക്കാറിന് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചതുമാണ്.
പോത്തന്നൂർ മുതൽ മംഗളൂരുവരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ സുരക്ഷവേലി കെട്ടാൻ റെയിൽവേ മന്ത്രാലയം 320 കോടിയണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ തുടങ്ങിയതുമാണ്. കമ്പിവേലി കെട്ടാൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. റെയിൽപാളത്തിന് സമീപത്ത് താമസിക്കുന്നവരുടെ പ്രത്യേകിച്ച്, പടിഞ്ഞാറുഭാഗത്തുള്ളവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. റെയിൽവേ അധികൃതരെ പിന്തിരിപ്പിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

