നടപ്പാതക്ക് നടുവിൽ വൈദ്യുതിത്തൂണുകൾ; പരാതിയുമായി ജനം
text_fieldsകുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡിനോടനുബന്ധിച്ച് നിർമിച്ച നടപ്പാതയിൽ വൈദ്യുതിത്തൂണുകളെന്ന് ആക്ഷേപം. തലപ്പാടി-ചെങ്കള റീച്ചിൽ 60 ശതമാനവും നടപ്പാതകളുടെ ജോലികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇത് കാൽനടയാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് ആക്ഷേപം. നടപ്പാത വൈദ്യുതിത്തൂണുകൾ സ്ഥാപിക്കാനുള്ളയിടമായി മാറ്റിയിട്ടുണ്ട്.
വൈദ്യുതിത്തൂണുകളും ട്രാൻസ്ഫോർമറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തൂണുകൾ നടപ്പാതയുടെ ഒരുവശത്ത് ഒതുക്കി സ്ഥാപിക്കണമെന്ന് നിർമാണ സമയത്തുതന്നെ സന്നദ്ധ സംഘടനകൾ നിർമാണ കമ്പനി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇതോന്നും കേൾക്കാതെയാണ് നിർമാണ കമ്പനി തൂണുകൾ സ്ഥാപിച്ചതെന്ന് കാൽനടയാത്രക്കാർ കുറ്റപ്പെടുത്തി. ഹൈക്കോടതി പോലും കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നേരത്തെ ഇടപെടൽ നടത്തിയിരുന്നതാണ്.
നടപ്പാതയുടെ നടുവിലാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. ട്രാൻസ്ഫോർമറുകളാകട്ടെ ചിലയിടങ്ങളിൽ നടപ്പാത മുഴുവൻ നിറഞ്ഞു നിൽക്കുന്ന നിലയിലാണ്. വിദ്യാർഥികളടക്കമുള്ളവർക്ക് ഇതുവഴി ചീറിപായുന്ന വാഹനങ്ങൾ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നാൻ മുഴുവൻ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്കും ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

