കാടിറങ്ങി നാട്ടിൻപുറങ്ങളിലേക്ക്; ചത്തൊടുങ്ങുന്ന മയിലുകൾ നോവാകുന്നു
text_fieldsമൊഗ്രാലിൽനിന്നുള്ള മയിലുകൾ
മൊഗ്രാൽ: വശ്യമനോഹാരിതയും പീലിവിടർത്തിയുള്ള ആട്ടവുമായി മയിലുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലേക്ക്. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ അപൂർവമായി കണ്ടിരുന്ന മയിൽ ഇന്ന് നാട്ടിലേക്ക് കാടിറങ്ങിയെത്തുകയാണ്.
ദേശീയപക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം ജില്ലയിൽ പെരുകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്യജീവി സംരക്ഷണനിയമത്തിലെ ഒന്നാം പട്ടികയിൽപെടുത്തി സംരക്ഷിക്കേണ്ട മയിലുകളാണ് നാട്ടിൻപുറങ്ങളിൽ ഇപ്പോൾ കൂട്ടമായെത്തുന്നത്. എന്നാൽ, ഇവ ട്രെയിനുകളും വാഹനങ്ങളും ഇടിച്ച് ചത്തുപോകുന്നത് നോവാകുന്നു.
മൊഗ്രാൽപുത്തൂർ, മൊഗ്രാൽ, കുമ്പള ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി മയിൽക്കൂട്ടങ്ങളെ കണ്ടുവരുന്നുണ്ട്. കൂടുതലും റെയിൽപാളങ്ങളിലൂടെയാണ് ഇവയുടെ സഞ്ചാരം. നാട്ടിൻപുറങ്ങളിൽ രൂപപ്പെട്ട കുറ്റിക്കാടുകൾ തേടിയാണ് മയിലുകളുടെ വരവെങ്കിലും ഇവ അപകടങ്ങളിൽപെട്ട് ചത്തു പോകുന്നതാണ് സങ്കടകരമായ കാഴ്ച. മയിലുകളുടെ വശ്യത ഏവരെയും ആകർഷിക്കുന്ന ഘടകമായതുകൊണ്ട് നാട്ടിൻപുറങ്ങളിലെത്തിയാൽ ഇത് കാണാൻ കുട്ടികൾ അടക്കമുള്ളവർ തടിച്ചുകൂടും.
പീലിവിടർത്തിയുള്ള ആട്ടം മൊബൈൽ ഫോണുകളിൽ പകർത്തും. നേരത്തേ മയിലുകൾ പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോൾ കാസർകോട് ജില്ലയും മയിലുകളുടെ നാടായി മാറിക്കഴിഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തിൽ ചൂട് കൂടുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ മയിലുകൾ നാട്ടിൻപുറങ്ങളിൽ കൂട്ടമായി എത്തുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, മഴക്കാലത്തുപോലും മയിലുകൾ കൂട്ടമായി വീട്ടുപടിക്കൽ എത്തുമെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

