ദേശീയപാതയിൽ നടപ്പാത വീണ്ടും പൊളിച്ചു; കോടതിയലക്ഷ്യമെന്ന് നാട്ടുകാർ
text_fieldsമൊഗ്രാൽ ദേശീയപാത നടപ്പാതയിൽ ഇന്റർലോക്കുകൾ മാറ്റി കുഴിയെടുത്ത് മൂടാതെ ഇട്ടിരിക്കുന്നു
കാസർകോട്: ദേശീയപാത നടപ്പാതയിൽ ടെലികോം വകുപ്പിന്റെ കിളച്ചുമറിച്ചുള്ള ജോലികൾക്ക് അവസാനമില്ല. ദുരിതം വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാരായ നാട്ടുകാർക്കും. മൊഗ്രാൽ ടൗണിൽ നടപ്പാതയിലെ ഇന്റർലോക്കുകൾ എടുത്തുമാറ്റി കുഴിയെടുത്തിട്ട് ഒരാഴ്ചയായി. ഇതുവരെ കുഴി മൂടാനോ ഇന്റർലോക്കുകൾ പാകി പൂർവസ്ഥിതിയിലാക്കാനോ ടെലികോം അധികൃതർ തയാറായിട്ടില്ല.
നോമ്പുകാലത്ത് രാത്രിയും വെളുപ്പിനും പള്ളികളിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികൾക്കും ഇത് ദുരിതമാകുന്നുണ്ട്. ദേശീയപാത നിർമാണസമയത്തുതന്നെ ടെലികോം ഡിപ്പാർട്ട്മെന്റ് മുഴുവനായും പൈപ്പുകൾ സ്ഥാപിച്ചിരുന്നു. നടപ്പാതയുടെ ജോലികളും പൂർത്തിയായിരുന്നു. കാൽനടക്കാർക്ക് സുരക്ഷയൊരുക്കുന്നതിൽ നടപ്പാത വിഷയത്തിൽ ഹൈകോടതിപോലും തടസ്സം നീക്കണമെന്ന് നേരത്തെതന്നെ രണ്ടുതവണ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതുമാണ്.
ജില്ല മുൻ കലക്ടർ കെ. ഇമ്പശേഖറും പരാതിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതർക്ക് കർശന നിർദേശം നൽകിയതാണ്. എന്നാൽ പെട്ടെന്ന് മൂടി നടപ്പാത പൂർവസ്ഥിതിയിലാക്കാൻ നിർമാണ കമ്പനി അധികൃതർ തയാറാകുന്നില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞവർഷം ഇത്തരത്തിൽ മൊഗ്രാലിൽ വിവിധഭാഗങ്ങളിൽ നടപ്പാത തകർത്ത് ജോലി ചെയ്യുന്നതിനെ ചോദ്യം ചെയ്ത് സന്നദ്ധ സംഘടന പ്രവർത്തകർ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് ടെലികോം കമ്പനി അധികൃതർക്ക് കുഴികൾ മൂടാനും നടപ്പാത പൂർവസ്ഥിതിയിലാക്കാനും നിർദേശവും നൽകിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും ദേശീയപാത കിളച്ചിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

