കടല്‍ പുറമ്പോക്ക് പട്ടയപ്രശ്നം: സർവേ ടീമിനെ നിയമിക്കുമെന്ന് മന്ത്രി കെ. രാജൻ
text_fieldsഉദ്യോഗസ്ഥതല അദാലത്തിൽ റവന്യൂ മന്ത്രി കെ. രാജന് സംസാരിക്കുന്നു
കാസര്‍കോട്: താലൂക്കിലെ കുഡ്ലു വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന കടൽ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ അപേക്ഷകരുടെ ഭൂമി സർവേ ചെയ്യുന്നതിന് ഒരു സർവേ ടീമിനെ അടിയന്തരമായി നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു.
കടാസ്ട്രല്‍ സർവേക്ക് പുറത്തുള്ള ഈ കൈവശഭൂമികള്‍ സെന്‍ട്രല്‍ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സർവേചെയ്തു. കടാസ്ട്രല്‍ സര്‍വേയുടെ ഭാഗമാക്കി പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പട്ടയ മിഷനുമായി ബന്ധപ്പെട്ട ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ഉദ്യോഗസ്ഥ തല അദാലത്തിലെ തീരുമാനം അറിയിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ല അദാലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍തലത്തില്‍ തീരുമാനം ആവശ്യമുള്ള കേസുകൾ പരിഗണിച്ചു. പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടാത്ത കേസുകള്‍ ഇനിയും ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടെന്നും ജനപ്രതിനിധികള്‍ അതാത് നോഡല്‍ ഓഫിസറുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ പട്ടയ വിഷയങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ എല്ലാവര്ക്കും ഭൂമി എല്ല ഭൂമിക്കും രേഖ എന്ന പ്രഖ്യാപിത നയം ലക്ഷ്യത്തിലെത്തിക്കാന്‍ ആവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ മന്ത്രിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, സർവേ ഡയറക്ടര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, അസി. കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് അസി. സെക്രട്ടറി, ജില്ല കലക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

