ദേശീയപാത നിർമാണ സാമഗ്രി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്
text_fieldsപരിക്കേറ്റ സിന്ധു ആശുപത്രിയിൽ
കാഞ്ഞങ്ങാട്: ദേശീയപാതയിൽ നിർമാണം പൂർത്തിയായ മേൽപാലത്തിന് മുകളിൽനിന്ന് ഭാരമേറിയ റബർ കട്ട തലയിൽ വീണ് വഴിയാത്രക്കാരിയായ യുവതിക്ക് പരിക്ക്. അജാനൂർ ചാലിങ്കാലിലെ ഗണേഷന്റെ ഭാര്യ സിന്ധുവാണ് (44) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ മാവുങ്കാലിലാണ് അപകടം.
ചാലിങ്കാലിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് ബല്ല അത്തിക്കോത്തെ സ്വന്തം വീട്ടിലേക്ക് മകൻ ഷംജിത്തിനൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടം. മാവുങ്കാൽ ടൗണിൽ ബസിറങ്ങി മേൽപാലത്തിനടിയിലൂടെ റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് വലിയ ഉയരത്തിലുള്ള പാലത്തിന് മുകളിൽനിന്ന് 40 കിലോയോളം ഭാരമുള്ള റബർ കട്ട തലയിൽ വീണത്.
ഇതോടെ യുവതി അബോധാവസ്ഥയിൽ നിലത്തുവീണു. ഓടിക്കൂടിയ ആളുകൾ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിനും ഷോൾഡറിനുമുൾപ്പെടെ പരിക്കുപറ്റുകയും പല്ലുകൾ ഇളകുകയും ചെയ്തിട്ടുണ്ട്. മൂന്നുമാസം കിടത്തിച്ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഒപ്പമുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാണത്തൂർ സംസ്ഥാന പാതക്ക് കുറുകെ മാവുങ്കാൽ ദേശീയപാതയിൽ മേൽപാലം ഏറക്കുറെ പൂർത്തിയായി വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. പാലത്തിന്റെ വശങ്ങളിലെ നിർമാണ പ്രവൃത്തിക്കിടെ ഉപയോഗിച്ച റബർ കട്ടയാണ് വഴി യാത്രക്കാരിയുടെ തലയിൽ വീണത്. ആശുപത്രി അധികൃതർ പരിക്കുപറ്റിയ വിവരം പൊലീസിന് കൈമാറി. ഇതിനിടയിൽ കരാർ കമ്പനിയുടെ ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിലെത്തി യുവതിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

