Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനടുവൊടിഞ്ഞ്​ സമാന്തര...

നടുവൊടിഞ്ഞ്​ സമാന്തര പഠന ​മേഖല

text_fields
bookmark_border
teachers distress
cancel

കാസർകോട്​: ​കോവിഡ്​ മഹാമാരിയും ലോക്​ഡൗണും തകർത്ത മേഖലകൾ എണ്ണിയാലൊതുങ്ങില്ല. നിലനിൽക്കാൻ പാടുപെടുന്ന മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്​​ സമാന്തര പഠന മേഖല. റെഗുലർ പഠനത്തിന്​ സീറ്റ്​ കിട്ടാതിരുന്ന നിരവധി പേരുടെ ആശ്രയമായിരുന്ന സമാന്തര പഠന സ്​ഥാപനങ്ങൾ പലതും നിലനിൽപിനായി പ്രയാസപ്പെടുകയാണ്​.

മഹാമാരി കാരണം പഠിതാക്കൾ എത്താത്തതിനാൽ ഏക വരുമാന മാർഗമായ ഫീസ്​ വരവ്​ നിലച്ചതാണ്​ സ്​ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചത്​. സ്​ഥാപനങ്ങൾക്ക്​ വരുമാനം കുറഞ്ഞതോടെ അധ്യാപകരും ജീവനക്കാരും ​ദുരിതത്തി​െൻറ നടുക്കയത്തിലായി​. ജോലിയും കൂലിയുമില്ലാതെ അധ്യാപകരും ജീവനക്കാരും. കടം വാങ്ങി വൈദ്യുതി ചാർജും വാടകയും കൊടുക്കുന്ന സ്​ഥാപന ഉടമകളും. ഇതാണ്​ സമാന്തര സ്​ഥാപനങ്ങളിലെ ഏകദേശ ചിത്രം. ലോക്​ഡൗൺ ഇനിയും തുടർന്നാൽ എന്ത്​ ചെയ്യണമെന്നറിയാതെ ആശങ്കപ്പെടുകയാണ്​ സ്​ഥാപനങ്ങളും ജീവനക്കാരും.

ഫീസ്​ കുത്തനെ കുറഞ്ഞു

പാരലൽ കോളജുകൾ, സ്വാശ്രയ കോളജുകൾ, അൺ എയ്​ഡഡ്​ സ്​കൂളുകൾ, ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്​. മഹാമാരിക്കാലത്ത്​ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ വിദ്യാർഥികൾ ഫീസ്​ നൽകുന്നത്​ കുറഞ്ഞു. ഒാൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും പലർക്കും ഫീസ്​ അടക്കാൻ കഴിയാത്ത സ്​ഥിതിയായി. ഇതാണ്​ സ്വാശ്രയ കോളജുകളുടെ അവസ്​ഥ. ഫീസ്​ പിരിക്കാൻ അധ്യാപകരെ തന്നെ നിയമിച്ചിരിക്കുകയാണ്​ ചില സ്​ഥാപനങ്ങൾ.

വരവ്​ നിലച്ചതോടെ ചില സ്​ഥാപനങ്ങളിൽ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാൻ നിർബന്ധിതമായി. ഇതോടെ, ഭവനവായ്​പയെടുത്തവരടക്കം നടുക്കടലിലായി. സ്​ഥാപനത്തി​െൻറ ഏകവരുമാനം നിലച്ചതോടെ മാനേജ്​മെൻറുകളും നിസ്സഹായരായി. ട്യൂഷൻ സെൻററുകളുടെ കാര്യം ഇതിലേറെ ദയനീയമാണ്. റെഗുലറായി കോളജും സ്​കൂളും തുറന്നു പ്രവർത്തിച്ചാൽ മാത്രമാണ്​ ട്യൂഷ​ൻ തേടി കുട്ടികൾ എത്തുക.

അൺ എയ്​ഡഡ്​ സ്​കൂളുകൾ

അൺ എയ്​ഡഡ്​ സ്​കൂളുകളും നിലനിൽപിനായി പൊരുതുകയാണ്​. ഫീസിനത്തിൽ വലിയ കുറവ്​ വന്നതാണ്​ സ്​ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്​. ഇതോടെ, അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം വെട്ടിക്കുറച്ചു. ലോക്​ഡൗൺ മാറി പഴയത്​ പുനഃസ്​ഥാപിക്കുമെന്ന ഉറപ്പിലാണ്​ ചിലർ ശമ്പളം കുറച്ചത്​. ചിലർ ദീർഘാവധി കൊടുത്തിട്ടുണ്ട്​.

ചിലരെ പിരിച്ചുവിടുകയും ചെയ്​തു. സ്​കൂളുകൾ അടച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ചാർജ്, സെക്യൂരിറ്റി, തൂപ്പുകാർ​ ഉൾപ്പെടെയുള്ള ഇനത്തിൽ ചെലവുണ്ട്​. ഉയർന്ന മാർക്കും ബിരുദവുമുള്ള നൂറുകണക്കിന്​ പേരാണ്​ സമാന്തര സ്​ഥാപനങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്നത്​.

ആര്​ കേൾക്കുന്നു ഇൗ പരിഭവം

കുമ്പള: മലയാളക്കരയെ ഇന്നത്തെ നിലയിലെത്തിക്കാൻ സർക്കാറിനോളം പങ്ക് സ്വകാര്യ വിദ്യാഭ്യാസ മേഖലക്കുണ്ട്. ജില്ലയിൽ പത്താംതരം കഴിഞ്ഞിറങ്ങുന്നവരിൽ ആയിരത്തിൽപരം വിദ്യാർഥികൾക്ക് സർക്കാർ തലത്തിൽ പഠന സംവിധാനമില്ലാത്തതി​െൻറ പേരിൽ പുറത്തിരിക്കാനാണ് വിധി.

ഇത്തരം വിദ്യാർഥികൾ സ്വകാര്യ സമാന്തര സ്ഥാപനങ്ങൾ വഴി ഓപൺ സ്കൂൾ സംവിധാനത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എല്ലാ പരാധീനതകളും സ്വയം പേറി ഒരു വലിയ സാമൂഹിക പ്രതിബദ്ധതയാണ് ഇവർ നിറവേറ്റിപ്പോരുന്നത്. ഈ പ്രതിബദ്ധതയിൽ സ്വയം മറന്ന് അവസാനം ഒരിക്കൽ പോലും ജീവിതപ്പച്ച ആസ്വദിക്കാനാവാതെ ഒടുങ്ങിപ്പോവാനാണ് ഇവരുടെ വിധി. മിക്ക വർഷങ്ങളിലും, നഷ്​ടത്തിലും അതിജീവനത്തി‍െൻറ നൂൽപാലത്തിലൂടെയും കടന്നു പോകുന്ന സമാന്തര മേഖല സ്ഥാപനങ്ങളെ വീണുപോകാതെ പിടിച്ചുനിർത്തലായിരുന്നു കോവിഡ് കാലത്തിനു മുമ്പുവരെ മാനേജ്‌മെൻറി‍െൻറ പ്രധാന ദൗത്യം.

എന്നാലിന്ന് എല്ലാം തകർന്നിരിക്കുന്നു. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന തൊണ്ണൂറു ശതമാനം ജീവനക്കാരും വേലയും കൂലിയുമില്ലാതെ കഴിഞ്ഞു. 2019 മാർച്ചിനു ശേഷം രണ്ടു വർഷത്തിലേറെയായി, ഇതുവരെയും ഈ സ്ഥാപനങ്ങൾക്കൊന്നും ശരിയാം വിധം തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ലക്ഷങ്ങളുടെ വാടക കുടിശ്ശികയുടെ കഥകളാണ് പല സ്ഥാപന മേധാവികൾക്കും പറയാനുള്ളത്. മുമ്പ് പലപ്പോഴും പുതിയ അധ്യയന വർഷത്തി​‍െൻറ ആരംഭത്തിൽ കൊടുത്തു തീർക്കാറുള്ള കടങ്ങൾ വരെ വീട്ടാനാവാതെ ബുദ്ധിമുട്ടുകയാണ് സ്ഥാപന ഉടമകൾ.

സർക്കാറിൽ നിന്ന് വലിയ അവഗണന നേരിടുന്ന വിഭാഗമാണ് ഈ മേഖലയിലെ അധ്യാപകരും ജീവനക്കാരും. ഒരു സംഘടിത തൊഴിലാളി ശക്തിയായി ഉയർന്നു വരാനോ, ഒരംഗീകൃത തൊഴിലാളി സംഘടനക്കു കീഴിൽ വരാനോ ഈ മേഖലയിലെ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് സമാന്തര സ്വകാര്യ മേഖലകളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നത്.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കാണ് മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. യൂനിവേഴ്സിറ്റികളിൽ നേരിട്ട് രജിസ്​റ്റർ ചെയ്ത് സ്വയം പഠിച്ച് പരീക്ഷയെഴുതാമെന്നതിനാൽ അധ്യാപകർക്കും സ്ഥാപന ഉടമകൾക്കും അവരുടെ മേൽ സ്വാധീനം കുറവാണ്. കോവിഡ് വ്യാപനത്തിനു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന 60 ശതമാനം വിദ്യാർഥികളും കൊഴിഞ്ഞു പോയതായി സ്ഥാപന ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, 2020ൽ മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നതി‍െൻറ പത്തു ശതമാനത്തോളം വിദ്യാർഥികൾ മാത്രമാണ് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ബിരുദ, മറ്റു തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ മൂന്നു വർഷത്തെ ബിരുദ കോഴ്സുകൾക്കും രണ്ടുവർഷത്തെ ഹയർ സെക്കൻഡറി കോഴ്സുകൾക്കും ചേർന്ന വിദ്യാർഥികൾ തുടർച്ചയായ രണ്ടാം വർഷവും വിദ്യാലയത്തിലെത്തി പഠിക്കാതെയാണ് കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

ലോക് ഡൗൺ മാറിയാൽ ക്ലാസ്​ ​തുടങ്ങണം

ചെറുവത്തൂർ: ലോക്ഡൗണിനെ തുടർന്ന് ജീവിതം തന്നെ ലോക്കായി മാറിയ ഒരു വിഭാഗമാണ് പാരലൽ കോച്ചിങ്​ ആൻഡ്​ ട്യൂഷൻ സ്ഥാപനങ്ങളും അതി‍െൻറ നടത്തിപ്പുകാരും. സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെ കാര്യവും അതേസ്​ഥിതി. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വാടകയും കറൻറ് ബില്ലും അടക്കാൻ പറ്റാതെ ഇറക്കിവിടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടങ്ങളിൽ ഓൺലൈൻ ക്ലാസുകളിലൂടെ ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ടു പോയെങ്കിലും നിലവിൽ ഉദ്യോഗാർഥികളും ട്യൂഷൻ വിദ്യാർഥികളും ഓൺലൈൻ ക്ലാസിനോട് ആഭിമുഖ്യം പുലർത്താതായി. മാത്രവുമല്ല ഒരു ദിവസം അഞ്ച് മണിക്കൂർ വരെ ക്ലാസുകൾ ലഭിക്കുന്നവർക്ക് ദിവസേന മാക്സിമം ഒരു മണിക്കൂർ മാത്രമാണ് ഓൺലൈൻ ക്ലാസ് നൽകാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ പ്രതിമാസ ഫീസ് പിരിച്ചെടുക്കാനോ അടക്കാൻ വിദ്യാർഥികളോ തയാറാകുന്നില്ല.

ഇതുകൊണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന അധ്യാപകരും അനധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇത്തരം അസംഘടിത വിഭാഗങ്ങൾക്ക് അനുകൂലമായി സംസാരിക്കാൻ ഒരു സംഘടന എന്ന ആശയം ഈ ലോക്ഡൗൺ കാലത്ത് ഉരുത്തിരിയുകയും കണ്ണൂർ കാസർകോട്​ ജില്ലകളിലെ അത്തരം അധ്യാപകരും നടത്തിപ്പുകാരും ചേർന്ന് 'പിക് സത' എന്ന സംഘടന രൂപവത്കരിച്ചത്.

ആദ്യഘട്ട ലോക് ഡൗണിൽ ഇളവുകൾ തേടി നിരവധി കാമ്പയിൻ സംഘടന നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും എരിതീയിൽ എണ്ണപോലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. ഓൺലൈൻ ക്ലാസുകളിൽ ഉദ്യോഗാർഥികളും വിദ്യാർഥികളും മുഖം തിരിക്കുക വഴി അധ്യാപകരുടെ ഉപജീവന വരുമാനവും വഴിമുട്ടി നിൽക്കുന്നു. ഫീസ് കിട്ടാത്തതി‍െൻറ പേരിൽ വാടക പോലും നൽകാൻ കഴിയാതെ സ്​ഥാപനങ്ങൾ അടച്ചുപൂട്ടൽ വക്കിലാണ്.

ഇത്തരം കോച്ചിങ്​ സ്ഥാപനങ്ങൾ നടത്തുന്ന സ്ഥാപന ഉടമകൾക്കും അത് ആശ്രയിച്ചു കഴിയുന്ന അധ്യാപകർക്കും അനധ്യാപകർക്കും സർക്കാർ സമാശ്വാസ പദ്ധതി നടപ്പാക്കണമെന്നും വാടക കുടിശ്ശികയുടെ കാര്യത്തിലും വലിയ തോതിലുള്ള കറൻറ് ബില്ലിലും സർക്കാർ ഇടപെട്ട് ഇളവുകൾ പ്രഖ്യാപിച്ച് ഇത്തരം സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങൾ ആശ്രയിച്ചു നിൽക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെയും ചേർത്തു നിർത്തി പുനരുജ്ജീവനത്തിന് വഴിയൊരുക്കണം.

ലോക്ഡൗൺ പിൻവലിച്ചാലുടൻ മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ് തുടങ്ങാൻ അവസരം നൽകണമെന്ന് പാരലൽ കോച്ചിങ്​ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.കെ. വിനോദ് ആയിറ്റി പറഞ്ഞു.

തിരിച്ചുവരുമോ വിദൂര വിദ്യാഭ്യാസം

ഉദുമ: വിദൂരവിദ്യാഭ്യാസത്തിനായി ശ്രീനാരായണ സർവകലാശാല പ്രഖ്യാപിച്ചിരുന്നു. ഇത് പാരലൽ കോളജുകളുടെ പ്രവർത്തനത്തിന് പ്രതീക്ഷയേകുന്ന ഒന്നായിരുന്നു. എന്നാൽ, ഈ പ്രഖ്യാപനം ഇതുവരെയായും പ്രാവർത്തികമാക്കിയിട്ടില്ല. മാത്രമല്ല, കോവിഡ് കാരണം പല കോളജുകളും തുറന്നിട്ടില്ല. ജില്ലയിൽ പാരലൽ കോളജ് അസോസിയേഷനിൽ രജിസ്​റ്റർ ചെയ്ത 19 പാരലൽ കോളജുകളാണ് നിലവിലുള്ളത്. ഈ കോളജുകൾ എല്ലാം തന്നെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

മാനേജ്മെൻറിന് വാടക പോലും നൽകാൻ പറ്റാത്ത രീതിയിലാണ് നിലവിലെ സ്ഥിതി. പല ജീവനക്കാരും മീൻ വിൽപനയിലേക്ക് പോലും തിരിഞ്ഞ അവസ്ഥ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല കുടുംബങ്ങളിലെയും വിദ്യാർഥികൾ പഠനത്തിനായി ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

കോവിഡ് കാലത്ത് പല മേഖലയിലും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാരലൽ കോളജിലെ അധ്യാപകർക്കും അനധ്യാപകർക്കും ഒരു ആനുകൂല്യങ്ങളും ലഭ്യമായിട്ടില്ലെന്ന് പാരലൽ കോളജ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ കാപ്പിൽ കെ.ബി.എം. ശരീഫ് പറഞ്ഞു.

അസംഘടിതരായതിനാൽ പോരാടാനാളില്ല–വിനോദ് ആലന്തട്ട

പാരലൽ കോളജിലെ അധ്യാപകർ അസംഘടിതരായതിനാൽ പ്രയാസങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ സംഘടനകളോ യൂനിയനുകളോ ഇല്ല. ഒന്നരവർഷമായി പാരലൽ കോളജ് സംവിധാനം നിശ്ചലാവസ്ഥയിലാണ്. തുച്ഛമായ വരുമാനമാണെങ്കിലും മുടങ്ങാതെ ലഭിച്ചിരുന്നു കോവിഡിന് മുമ്പ്.

എന്നാൽ, കോവിഡിന് ശേഷം വിദ്യാർഥികളിൽനിന്ന്​ ഫീസ് ഇനത്തിലുള്ള വരുമാനം നിലച്ചതോടെ നടത്തിപ്പുകാർതന്നെ പ്രതിസന്ധിയിലാണ്. അഞ്ചു മണിക്കൂർ വരെ ദിവസം എടുത്ത ക്ലാസുകൾ ഓൺലൈനിലായതോടെ ഒരു മണിക്കൂറായി ചുരുങ്ങി.

ഇതിന് പ്രത്യേകിച്ച് വേതനം ലഭിക്കുന്നുമില്ല. പാരലൽ കോളജ് അധ്യാപകർക്കും അൺ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും അടിയന്തര ധനസഹായം നൽകണം.

കാലിടറുന്നു, പക്ഷേ....

കാഞ്ഞങ്ങാട്: പഴയ സിലബസ് പ്രകാരം പത്താം ക്ലാസ് കടമ്പകടക്കുന്നത് കീറാമുട്ടിയായിരുന്ന ഘട്ടത്തിൽ ഒരുപാട് വിദ്യാർഥികളെ മികച്ച മാർക്കോടെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എസ്.എം (സയ്യിദുൽ മൗല) അക്കാദമി എന്ന പാരലൽ വിദ്യാഭ്യാസ സ്ഥാപനം. 1996ൽ ബല്ലാ കടപ്പുറത്ത് രൂപംകൊണ്ട സ്ഥാപനം കോവിഡ് പ്രതിസന്ധികൊണ്ട് സാമ്പത്തിക പരാധീനതയിലാണ്. തുടക്കകാലത്ത് 500നടുത്ത് അഡ്മിഷൻ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നൂറിലേക്ക് ചുരുങ്ങി. കോവിഡി‍െൻറ തുടക്കകാലത്ത് അത് 46 ആയി മാറി. 46 അഡ്മിഷനുണ്ടെങ്കിലും ഫൈനൽ പരീക്ഷയെഴുതിയത് വെറും ആറു പേർ.

അടുത്ത വർഷത്തേക്ക​​ുകൂടി മഹാമാരി പ്രവേശിക്കുകയാണെങ്കിൽ സ്ഥാപനം നടത്തിക്കൊണ്ടുപോകൽ വലിയ പ്രയാസമാകുമെന്നും എസ്.എം അക്കാദമി പ്രിൻസിപ്പലും ചെയർമാനുമായ ഹസൈനാർ മാങ്കുൽ പറഞ്ഞു. വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഒരു വർഷം അടച്ചിട്ടു. രണ്ട് മാസം മാത്രമേ വാടകക്ക് ഇളവ് നൽകിയുള്ളൂ. 7500 രൂപയാണ് വാടക. വൈദ്യുതിയും വെള്ളത്തി‍െൻറ ബില്ലും ഒഴിച്ചാണിത്. രണ്ടും കൂടുമ്പോൾ 9000നടുത്ത് ബില്ലാകും.

രണ്ട് കിഡ്നിയും തകരാറിലായ ഒരാളാണ് ഞാൻ, ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ശാരീരികമായ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന ഇതേ സമയത്താണ് സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസവും. മാസത്തിൽ ഡയാലിസിസിനും മറ്റു അനുബന്ധ ചികിത്സാ ചെലവിനുമായി അമ്പതിനായിരത്തിലധികം രൂപ വേണം. അസംഘടിത മേഖലയായതുകൊണ്ടുതന്നെ വലിയ പ്രയാസമാണ് മുന്നോട്ടുപോക്കെന്നും എസ്.എം അക്കാദമി ചെയർമാൻ ഹസൈനാർ മാങ്കൂൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parallel Collegeparallel education sector
News Summary - parallel education sector struggling to move on
Next Story