അമിതഭാരം, നികുതിവെട്ടിപ്പ്; വിജിലൻസ് റെയ്ഡിൽ പത്തു ലോറികൾ പിടിയിൽ
text_fieldsഓപറേഷൻ ഓവർ ലോഡിെൻറ ഭാഗമായി വിജിലൻസ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാൽ ലോറികൾ കസ്റ്റഡിയിലെടുക്കുന്നു
കാസർകോട്: ചരക്ക് സേവന നികുതി വെട്ടിച്ചും അമിത ഭാരം കയറ്റിയും സർവിസ് നടത്തിയ പത്ത് ലോറികൾ വിജിലൻസ് റെയ്ഡിൽ പിടികൂടി. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ ‘ഓപറേഷൻ ഓവർലോഡ്’ പദ്ധതി പ്രകാരം എട്ട് ടോറസ് ലോറികളും രണ്ടു ടിപ്പർ ലോറികളും പിടിച്ചെടുത്തു. വിജിലൻസ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെയും ഇൻസ്പെക്ടർ സി.ബി. തോമസിന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.
പരിശോധനയിൽ അമിത ഭാരം കയറ്റിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. അനുവദിച്ചതിലും കൂടുതലായി 15 മുതൽ 20 ടൺ വരെ ഭാരം അധികമായി കയറ്റി പോകുകയായിരുന്നു ടോറസ് ലോറികൾ. പാസില്ലാത്തതും അനുവദനീയമായതിൽ കൂടുതലുമായ ഭാരം കയറ്റിയതുമായിരുന്നു രണ്ട് ടിപ്പർ ലോറികൾ. പിടികൂടിയ വാഹനങ്ങളിൽ വലിയ കരിങ്കല്ലുകൾ, ജല്ലി, എംസാൻറ് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. അനുമതിയില്ലാതെ ധാതുക്കൾ കടത്തിയതിനെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനും വിൽപന നടത്തിയ ധാതുക്കൾക്ക് മതിയായ ജി.എസ്.ടി അടപ്പിക്കുന്നതിന് ജി.എസ്.ടി കമേഴ്സ്യൽ വകുപ്പിനും റിപ്പോർട്ടുകൾ നൽകി. വാഹനങ്ങൾ അമ്പലത്തറ, ബേഡകം, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുണ്ട്.
അമിത ഭാരം കയറ്റി പോകുന്ന വാഹന്നങ്ങളും മതിയായ പാസ് ഇല്ലാതെ പോകുന്ന വാഹനങ്ങളും വിൽപനക്കായി കൊണ്ടുപോകുന്ന ധാതുക്കൾക്ക് മതിയായ ജി.എസ്.ടി. അടക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. ജി.എസ്.ടി. മോട്ടോർ വാഹന വകുപ്പ് ജിയോളജി പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിജിലൻസ് പറയുന്നു.
നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ റോഡിലൂടെ പോകുന്നത്. സർക്കാറിന് നികുതി ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ശുപാർശ നൽകുമെന്ന് ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാൽ അറിയിച്ചു.
ഇവക്കെതിരെ നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്ക് കൈമാറി. വിജിലൻസിന്റെ രണ്ട് സംഘങ്ങളിലുമായി അസി. സബ് ഇൻസ്പെക്ടർമാരായ വി.എം. മധുസുദനൻ, പി.വി. സതീശൻ, വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. രഞ്ജിത് കുമാർ, കെ.വി. ജയൻ, കെ. പ്രമോദ് കുമാർ, ഹാർബർ എൻജിനിയറിങ് വിഭാഗത്തിലെ അസി.എഞ്ചിനിയർ വി. രാജീവൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

