ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsഅബ്ദുൽ ഹക്കീം, ജവഹർ
കാസർകോട്: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പൊലീസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കി. ഓപറേഷൻ തൂഫാന്റെ ഭാഗമായി ഉപ്പളയിലും ചിത്താരിയിലുമായി നടത്തിയ പ്രത്യേക പരിശോധനകളിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഉപ്പളയിൽനിന്ന് 10 ഗ്രാം ലഹരിമരുന്നും കാഞ്ഞങ്ങാട് ചിത്താരിയിൽനിന്ന് 3.35 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് പിടിച്ചെടുത്തത്.
ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് 10.200 ഗ്രാം എം.ഡി.എം.എയുമായി ഉപ്പള ഹീറോ കോംപ്ലക്സിന് സമീപത്തെ തങ്ങൾ ഹൗസിൽ താമസിക്കുന്ന സയ്യിദ് ജവഹർ(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഉപ്പള ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, പ്രൊബേഷൻ എസ്.ഐ അർജുൻ അരവിന്ദ്, സീനിയർ സി.പി.ഒ സനീഷ്, ഡ്രൈവർ സജീഷ് എന്നിവരടങ്ങുന്ന സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാന്റ്സിന്റെ പോക്കറ്റിൽ സിഗരറ്റ് കവറിനുള്ളിൽ സിപ്പ് ലോക്ക് പൗച്ചിലാക്കി സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
10.200 ഗ്രാം എം.ഡി.എം.എ, ഐഫോൺ, 16,500 രൂപ, വിവിധ തിരിച്ചറിയൽ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചിത്താരിയിൽ സംസ്ഥാനപാതക്ക് സമീപം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്. ഹോസ്‌ദുർഗ് വില്ലേജിലെ ഹദ്ദാദ് നഗറിലെ പാട്ടിലത്ത് ഹൗസിൽ അബ്ദുൽ ഹക്കീം (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചിത്താരിയിലെ പെട്രോൾ പമ്പിന് സമീപം പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ ഹോസ്‌ദുർഗ് സബ് ഇൻസ്പെക്ടർ പി.ആർ. ശരത്തിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘവും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിപ്പ് ലോക്ക് കവറിലാക്കിയ എം.ഡി.എം.എ കണ്ടെത്തി. 3.35 ഗ്രാം എം.ഡി.എ.എ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ജില്ലയിലെ ലഹരി വിൽപന ശൃംഖലയെക്കുറിച്ചും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന ഉറവിടങ്ങളെക്കുറിച്ചും പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

