ജില്ലയിൽ ‘ഓപറേഷൻ തൂഫാന്’ ജൂൺ ആദ്യവാരം തുടക്കം
text_fieldsകാസർകോട്: ഓപറേഷൻ തൂഫാന് ജില്ലയിൽ ജൂൺ ആദ്യവാരം തുടക്കമാകും. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് എ.ഡി.എം കെ.വി. ശ്രുതിയുടെ നേതൃത്വത്തില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ ജില്ലതല പുകയില വിരുദ്ധ ഏകോപന സമിതി യോഗം ചേര്‍ന്നു. പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ തുറന്ന് ആദ്യയാഴ്ച സ്‌കൂളുകളില്‍ പുകയില വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ റാലികളും ക്ലാസുകളും സംഘടിപ്പിക്കും. പൊലീസ് വകുപ്പ്, ഓപറേഷന്‍ തൂഫാന്‍ എന്ന പേരില്‍ മദ്യം, ലഹരി, പുകയില എന്നിവക്കെതിരായി ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കുട്ടികളുടെ ഇടയില്‍ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കൂടുന്നതായി ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസര്‍ക്കാറിന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നതിനാല്‍ ജില്ലയിലെ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. കേരളത്തിലെ ആകെ പുകയില ഉപഭോഗം 21.4 ശതമാനത്തില്‍നിന്ന് 12.7 ശതമാനമായി കുറഞ്ഞെങ്കിലും 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കൂടുന്നതിനാല്‍ സ്‌കൂളുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പുകയില വിരുദ്ധ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ നിർദേശം ഉയര്‍ന്നു.
പുകയില ഉൽപന്നങ്ങളുടെ നിരോധനം സ്‌കൂള്‍ നയത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ നിർദേശം വിദ്യാഭ്യാസ വകുപ്പിന് നല്‍കി. ജില്ലയിലെ 171 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടുബാക്കോ ഫ്രീയായി മാറിയിട്ടുണ്ട്. തദ്ദേശസ്ഥാപനതലത്തില്‍ പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട പുകയില ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യും.
പുകയില നിയന്ത്രണ നിയമം 2003 പ്രകാരം വിദ്യാലയങ്ങളില്‍ രൂപവത്കരിക്കേണ്ട സമിതികള്‍, സ്ഥാപിക്കേണ്ട ബോര്‍ഡുകള്‍ എന്നിവ സംബന്ധിച്ചും ജില്ലയിലെ പുകയില നിയന്ത്രണ നിയമം 2003ന്റെ നടത്തിപ്പിനെ പറ്റിയും യോഗം ചര്‍ച്ച ചെയ്തു. മേയ് 31 മുതല്‍ ജൂണ്‍ 26 വരെ നടപ്പാക്കുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം സംബന്ധിച്ച് വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്ത് ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

