കാട്ടാന ശല്യം രൂക്ഷം; 'ഓപറേഷന് ഗജ' പുനരാരംഭിക്കും
text_fieldsകാസർകോട്: വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന് ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോട് നടന്ന മന്ത്രിതല യോഗത്തിെൻറ തീരുമാനപ്രകാരമാണ് ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നത്. കാട്ടാനകളെ അതിെൻറ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. കാസര്‍കോട് റേഞ്ചില്‍ തമ്പടിച്ചിട്ടുള്ള ആനകളെ സുള്ള്യ വനത്തിലേക്കും കാഞ്ഞങ്ങാട് റേഞ്ചിലുള്ള ആനകളെ തലക്കാവേരി വനത്തിലേക്കും കടത്തിവിടും. വനമേഖലയിലെ വേട്ടയാടല്‍, കഞ്ചാവ് കൃഷി, വനാതിര്‍ത്തികളിലെ മദ്യ നിര്‍മാണം തുടങ്ങിയവയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറി നടപടികള്‍ സ്വീകരിക്കും. ഇതിനായി സംയുക്ത പരിശോധന നടത്താനും വനം-വന്യജീവി നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ സി.സി.എഫ് ഡി.കെ. വിനോദ് കുമാര്‍, മംഗളൂരു ഡി.സി.എഫ് വി.കെ. ദിനേശ്കുമാര്‍, കാസര്‍കോട് ഡി.എഫ്.ഒ പി. ധനേഷ് കുമാര്‍, എ.സി.എഫ് അജിത് കെ. രാമന്, ഇരു സംസ്ഥാനങ്ങളിലെയും റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

