ഓപറേഷൻ ഡി ഹണ്ട്; 1807 പരിശോധന, 134 പേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ ഓപറേഷൻ ഡി ഹണ്ടിൽ നടത്തിയ 1807 പരിശോധനയിൽ 134 പേർ അറസ്റ്റിൽ. പൊലീസിന്റെ കർശന പരിശോധനയും ബോധവത്കരണവും തുടരുമ്പോഴും അയവില്ലാതെ ലഹരി വിൽപനയും ഉപയോഗവും നടത്തുന്നവരാണ് അറസ്റ്റിലായത്. 132 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലഹരിയുടെ ഉപയോഗം മൂലം വർധിച്ചുവരുന്ന അക്രമങ്ങൾക്കും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് ജില്ലയിൽ പരിശോധന വ്യാപകമാക്കിയത്.
ജില്ലയിൽ ദിവസങ്ങളായി പൊലീസ് പരിശോധന നടക്കുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 132 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 135 പ്രതികളുണ്ട്. ഇതിൽ 134 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 85.590 ഗ്രാം എം.ഡി.എം.എയും 66.860 ഗ്രാം കഞ്ചാവും പിടികൂടി. 11.470 ഗ്രാം കഞ്ചാവ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് പിടികൂടി. ഇത് ആശങ്കാജനകമാണെന്ന് പൊലീസ് വിലയിരുത്തി. ഇവർക്കെതിരെ പൊലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ടും തയാറാക്കിയിരുന്നു.
ഫെബ്രുവരി 22 ന് സ്പെഷൽ ഡ്രൈവ് തുടങ്ങി മാർച്ച് മൂന്നുവരെയാണ് ഇത്രയേറെ പേർ പിടിയിലായതെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. എം.ഡി.എം.എ ഉപയോഗിച്ചവരും കഞ്ചാവ് ബീഡി വലിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. മിക്ക പൊലീസ് സ്റ്റേഷനുകളിലും ഒരാഴ്ചക്കിടെ നിരവധി ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. ബസ് സ്റ്റാൻഡുകളിലും പാർക്കിങ് കേന്ദ്രങ്ങളിലും കടൽ തീരത്തും ലഹരി ഉപയോഗിച്ചവർ പിടിയിലായി. ലഹരി ഉപയോഗിക്കുന്നവർ തുടരെ പിടിയിലാകുന്നുണ്ടെങ്കിലും മൊത്തവിതരണക്കാർ വലക്ക് പുറത്തുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

