ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ വ്യാപക പരിശോധന, 38 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsകാസർകോട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വ്യാപക പരിശോധന. ഓപറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ജില്ലയിൽ 112 ഇടങ്ങളിൽ റെയ്ഡ് നടത്തി.
സബ് ഡിവിഷൻ ഡിവൈ.എസ്.പി, എ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർ അടങ്ങുന്ന സംഘം ജില്ല സൈബർ ക്രൈം പൊലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ റെയ്ഡ് നടത്തിയത്. ഇതിൽ 38 കേസുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യുകയും 38 പേരെ പിടികൂടുകയും ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 10 കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് റെയ്ഡ്. വരുംദിവസങ്ങളിലും പരിശോധന തുടരും.
മ്യൂൾ അക്കൗണ്ടുകളും ഇതിൽപെടും. ഇവയിൽ വൻ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് കണ്ടെത്തിയത്. ബങ്കളം കോട്ടപ്പുറത്തെ സി. ഷംസീറിനെതിരെയും മറ്റൊരാൾക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 16ന് നീലേശ്വരം കനറാ ബാങ്കിൽ മൂന്നു ലക്ഷം രൂപയുടെ ഇടപാട് നടക്കുകയും ഇതിൽനിന്ന് 2,95,000 രൂപ പിൻവലിച്ച് രണ്ടാം പ്രതിക്ക് കൈമാറി ഇടപാട് നടന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. കോട്ടപ്പുറത്തെ വീട് വ്യാഴാഴ്ച പൊലീസ് റെയ്ഡ് ചെയ്തു.
വെസ്റ്റ് എളേരി കോട്ടമലയിലെ വിപിൻ വിജയനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ 30ന് കേരള ഗ്രാമീൺ ബാങ്കിൽ നടന്ന അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് കേസ്. 2,54,233 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. വിപിൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കോഴിക്കച്ചവടത്തിന് തുടങ്ങിയ അക്കൗണ്ടാണെന്നും 4751 രൂപ രണ്ടുതവണകളായി അയച്ചുകിട്ടിയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. വിദ്യാനഗർ പൊലീസ് മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു.
മധൂർ ഇസ്സത്ത് നഗറിലെ മൊയ്തീൻ സഹിർ, മുബു എന്നിവർക്കെതിരെ കേസെടുത്തു. ബാങ്ക് ഓഫ് ഇന്ത്യ കാസർകോട് ബ്രാഞ്ചിലെ അക്കൗണ്ട് വഴി മൂന്നുതവണകളിലായി നടന്ന 20 ലക്ഷം രൂപയുടെ ഇടപാടിലാണ് കേസ്. രണ്ടുതവണ ഒമ്പതു ലക്ഷം വീതവും ഒരു തവണ 2,10,000 രൂപയുടെയും ഇടപാട് നടന്നതായി കണ്ടെത്തി. രണ്ടാം പ്രതി മുബു അയച്ചതാണെന്നും ചെക്ക് വഴി തിരികെ നൽകിയതിന് കമീഷനായി 20,000 രൂപ ലഭിച്ചെന്നും സഹീർ പൊലീസിനോട് പറഞ്ഞു. 2024 ജൂൺ 13നായിരുന്നു ഇടപാട്. ചെങ്കള ബേർക്കയിലെ സി.എം. ഷഹാദ് അബ്ദുല്ല, നെല്ലിക്കുന്നിലെ ഷാഹിദ് ഷിബിൽഷ എന്നിവർക്കെതിരെ മറ്റൊരു കേസും വിദ്യാനഗർ പൊലീസ് രജിസ്ടർ ചെയ്തു. രണ്ടാം പ്രതി അയച്ച പണം ഓൺലൈനായി കൈപ്പറ്റി കഴിഞ്ഞ ജൂൺ നാലിന് ചെക്ക് വഴി പിൻവലിച്ചെന്ന് കണ്ടെത്തിയാണ് നടപടി. 5,07,533 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. പണമുടമ കമീഷൻ നൽകിയെന്ന് ഷഹാദ് പൊലീസിനോട് പറഞ്ഞു. എടനീർ ചപ്പാടിയിലെ ഖൈറുന്നിസ, അബ്ദുൽ ജുനൈദ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ചെർക്കള ഗ്രാമീൺ ബാങ്ക് ശാഖ വഴി വീട്ടമ്മ മകന് പണം അനധികൃതമായി നൽകിയെന്നതിനാണ് കേസ്. മച്ചമ്പാടിയിലെ അലി റാഫിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അഞ്ചു ലക്ഷം രൂപയുടെ ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാണ് കേസ്. കമീഷൻ വാങ്ങി അക്കൗണ്ടുകൾ വാടക്ക് നൽകിയവരാണ് കുടുങ്ങിയത്. നിരവധി അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. കാലിച്ചാമരം പള്ളപ്പാറയിലെ ടി. റെജിമോൻ, കോഴിക്കോട് സ്വദേശി ഇർഷാദലി എന്നിവർക്കെതിരെ നീലേശ്വരം പൊലീസാണ് കേസെടുത്തത്.
ഒന്നാം പ്രതി രണ്ടാം പ്രതിക്ക് ബാങ്കിലെ അക്കൗണ്ട് വിൽപന നടത്തി കമീഷൻ വാങ്ങിയെന്നതിനാണ് കേസ്. ചട്ടഞ്ചാലിലെ അഹമ്മദ് അഫ്താസിനെതിരെ മേൽപറമ്പ പൊലീസ് കേസെടുത്തു. 2,90,000 രൂപയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഉപ്പള സ്വദേശി ആയിഷ, ബങ്കരയിലെ അൻസാർ എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസും നാരായണമംഗലം സ്വദേശി ബിനീഷ്, മുട്ടം സ്വദേശി ഇബ്രാഹീം, ബദറുൽ മിസ്ഹാബ് എന്നിവർക്കെതിരെ കുമ്പള പൊലീസും കേസെടുത്തു. അന്യായമായി പണം തട്ടിയെടുത്ത് കൈമാറ്റം ചെയ്തതിനാണ് കേസ്. തളങ്കര സ്വദേശികളായ ബിബിൻ രാജ്, മുസ്താഖ്, കസബയിലെ ശംസീർ എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
എളമ്പച്ചി സ്വദേശിക്കും മറ്റൊരാൾക്കെതിരെയും ചന്തേര പൊലീസും കേസെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചു ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയതിനാണ് കേസ്. പരയങ്ങാനത്തെ റഹ്മാൻ, തെക്കുപുറത്തെ ഹഫീലുറഹ്മാൻ, കാമ്പാറിലെ അബ്ദുൽ മുക്സി തൽജാമി, ചൗക്കിയിലെ മുഹമ്മദ് റിനാസ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. മല്ലംപാടിയിലെ മുഹമ്മദ് ഫായിസ്, മുട്ടത്തൊടിയിലെ ഷുഹൈബ്, മഞ്ചത്തടുക്കയിലെ മുഹമ്മദ് സിനാൻ, ഉളിയത്തടുക്കയിലെ സലാം ഫാരിസ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

