ബുധനാഴ്ച പുലി കുടുങ്ങി, ഇന്നലെ നാട്ടുകാരും!
text_fields1. പുലി തുരങ്കത്തിൽ അകപ്പെട്ടപ്പോൾ, 2. എ.ഐ.വൈ.എഫ് മടിക്കൈ മേഖല കമ്മിറ്റി വനംവകുപ്പ് ഓഫിസിലേക്ക് നടത്തിയ നൈറ്റ് മാർച്ച്
കാസർകോട്: കൊളത്തൂരിൽ ബുധനാഴ്ച വൈകീട്ട് ഏഴോടെ കുടുങ്ങിയ പുലി വ്യാഴാഴ്ച പുലർച്ചയോടെ കടന്നുകളഞ്ഞു. ഇതോടെ ആശങ്കയിലായത് പ്രദേശവാസികളാണ്. പുലി കടന്നുകളയാതിരിക്കാൻ പ്രദേശത്തെ ജനങ്ങൾ പുലി കുടുങ്ങിയ തുരങ്കത്തിൽ കല്ലുവെച്ച് അടച്ചിരുന്നു. എന്നാൽ, പുലിയെ മയക്കുവെടിവെക്കുന്നതിനായി കല്ല് മാറ്റിയപ്പോൾ പുലി കടന്നുകളഞ്ഞെന്നാണ് പറയുന്നത്.
വ്യാഴാഴ്ച കൂടുതൽ വനപാലകരെത്തി പുലിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല. പ്രദേശത്ത് കുട്ടികളടക്കം പുറത്തിറങ്ങാൻപോലും ഭയപ്പെട്ടിരിക്കുകയാണ്. പന്നിക്കെണിയിൽപെട്ടാണ് പുലി കുടുങ്ങിയെന്നതുകൊണ്ടുതന്നെ പന്നിക്കെണി അതിന്റെ ശരീരത്തിൽ ഉള്ളതിനാൽ കൂടുതൽ ദൂരത്തേക്ക് പോയിട്ടുണ്ടാവില്ല എന്ന നിഗമനത്തിലാണ് അധികൃതർ. പുലി കടന്നുകളഞ്ഞതിൽ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനമടക്കം നടത്തി.
മടിക്കൈയിലെ പുലിഭീതി: കൂട് സ്ഥാപിക്കണം
മടിക്കൈ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങിയത് നാട്ടുകാരെയും കർഷകരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ഒരുമാസം കഴിഞ്ഞിട്ടും പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മടിക്കൈ മേഖല കമ്മിറ്റി നേതൃത്വത്തിൽ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് നൈറ്റ് മാർച്ച് നടത്തി. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുക, കാമറ സ്ഥാപിക്കുക, ജനങ്ങളുടെ ആശങ്കയകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എം. ശ്രീജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി കെ. രാകേഷ് അധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ, പ്രകാശൻ പള്ളിക്കാപ്പിൽ, ജി. വിഷ്ണു, സി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് രഞ്ജിത്ത് എരിക്കുളം സ്വാഗതം പറഞ്ഞു.
വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം
കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ബേഡകം ഏരിയ കമ്മിറ്റി. കഴിഞ്ഞദിവസം കൊളത്തൂർ മടന്തക്കോട്ടുണ്ടായ സംഭവം അത്യന്തം ഗുരുതരമാണ്. പാറമടയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായില്ല. ബേഡകം, കാറഡുക്ക മേഖലയിൽ വലിയ പരിഭ്രാന്തിയാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. വനപ്രദേശമല്ലാത്ത ഇടത്തുപോലും പുലി, ആന, കാട്ടുപോത്ത്, പന്നി അടക്കമുള്ളവ വിഹരിക്കുന്നത് ജീവന് ഭീഷണിയാണ്.
മുമ്പ് കൃഷി നാശമായിരുന്നു മലയോര ജനത മുഖ്യവിഷയമായി കണ്ടതെങ്കിൽ, ഇപ്പോൾ ജീവൻതന്നെ അപകടമാകുന്ന സ്ഥിതിയുണ്ട്. കൊളത്തൂർ മേഖലയിൽ പരിഭ്രാന്തി പരത്തി, കടന്ന പുലിയെ ഏതുവിധേനയും തുരത്താൻ അധികൃതർ കർശന നടപടി എടുക്കണമെന്ന് ഏരിയ സെക്രട്ടറി സി. രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

