ജില്ലയിലെ മുഴുവന്‍ പട്ടിക വര്‍ഗക്കാർക്കും ആധികാരിക രേഖയായി
text_fieldsകാസർകോട്: മുഴുവന്‍ പട്ടിക വർഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസർകോട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും.
ജില്ല ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ 14 ഗ്രാമ പഞ്ചായത്തുകളിൽ ബിഗ് ക്യാമ്പുകൾ വഴിയും ബാക്കിയുള്ളവയിൽ മുനിസിപ്പാലിറ്റികളിലും പ്രീ ക്യാമ്പുകൾ വഴിയുമാണ് രേഖകൾ തയാറാക്കിയത്. അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
റേഷൻ കാര്‍ഡ്, ആധാർ കാര്‍ഡ്, ഇലക്ഷന് ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമാക്കിയത്. പരമാവധി രേഖകൾ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.
ജില്ല സംവിധാനം, തദ്ദേശ സ്ഥാപനങ്ങൾ, ഐ.ടി, പട്ടികവര്‍ഗ വികസന വകുപ്പ്, അക്ഷയ ജില്ല പ്രോജക്ട് ഓഫിസ് എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. മുഴുവൻ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകൾ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി കിനാനൂർ കരിന്തളത്തെ ഇ. ചന്ദ്രശേഖരൻ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 100 ശതമാനം നേട്ടം കൈവരിച്ച് പദ്ധതി പൂർത്തിയാക്കിയ മുഴുവൻ പഞ്ചായത്തുകളിലും പ്രഖ്യാപനം നടത്തി. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ക്യാമ്പുകളിലൂടെ 13,888 സേവനങ്ങളാണ് 6317 പേര്‍ക്ക് ലഭിച്ചത്.
1791 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളിലൂടെ റേഷന്‍ കാര്‍ഡും 3025 പേര്‍ക്ക് ആധാര്‍ കാര്‍ഡുകളും കിട്ടി. 744 ജനന-സര്‍ട്ടിഫിക്കറ്റുകള്‍. 2328 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 1341 ബാങ്ക് അക്കൗണ്ടുകള്‍, 738 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍, ഡിജി ലോക്കര്‍ സേവനം- 3491, ഇ- ഡിസ്ട്രിക്ട് സേവനം - 244 എന്നിങ്ങനെയാണ് സ്വന്തമായ രേഖകളുടെയും സേവനങ്ങളുടെയും കണക്കുകള്‍.
ഡിജിറ്റല്‍ ലോക്കറില്‍ രേഖകള്‍ സുരക്ഷിതം
രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. അറിവില്ലായ്മയും പ്രകൃതിക്ഷോഭം, അഗ്നിബാധ മുതലായ കാരണങ്ങളാലും മുന്‍കാലങ്ങളില്‍ ലഭിച്ച രേഖകളില്‍ പലതും നഷ്ടമായിരുന്നു. ഇതിന് പരിഹാരമായാണ് ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഡിജിലോക്കര്‍ പാസ് വേഡ് ഉപയോഗിച്ച് എപ്പോഴും രേഖകള്‍ തുറന്നെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചതോടെ വരും കാലങ്ങളില്‍ സര്‍ക്കാറിന്റെ വിവിധ ധനസഹായ പദ്ധതികള്ക്കിടയില്നിന്നും മതിയായ രേഖകളില്ലാത്തതിനാല്‍ പുറത്താകേണ്ടിവരുന്ന സാഹചര്യം ഉണ്ടാകില്ല. മൊബൈല്‍ നമ്പറുള്ളവരുടെ രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാണ്. ഗുണഭോക്താക്കളെ വീടുകളില്‍ പോയി കൊണ്ടുവന്ന് എല്ലാ രേഖകളും ലഭ്യമാക്കി തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

