ദേശീയപാത കൈയേറ്റം; ഓട്ടോ സ്റ്റാൻഡുകൾ നീക്കാൻ നോട്ടീസ് നൽകിത്തുടങ്ങി
text_fieldsകാസർകോട്: ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള റിച്ച് ദേശീയപാത സർവിസ് റോഡിനരികിലെ നടപ്പാതകളിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരം നിർമാണ കമ്പനി അധികൃതർ ഓട്ടോ സ്റ്റാൻഡുകൾക്ക് നീക്കം ചെയ്യാൻ നോട്ടീസ് നൽകിത്തുടങ്ങി.
ജില്ലയിലെ ദേശീയപാത നടപ്പാതകളിൽ വാഹന പാർക്കിങ്ങുകളും കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റങ്ങളും വർധിച്ചുവരുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഒപ്പം സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങുകളും. കാൽനടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സുപ്രീംകോടതി നേരത്തെ തന്നെ പുറപ്പെടുവിച്ച വിധിന്യായത്തിൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നതാണ്.
വയോജനങ്ങളും, വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് നടപ്പാതകളിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നേരത്തെ കോടതി നിരീക്ഷിച്ചതുമാണ്. ജില്ലയിൽ ദേശീയപാത നടപ്പാതയിൽ നിർമാണ സമയത്ത് തന്നെ നൂറുകണക്കിന് വൈദ്യുതി ട്രാൻസ്ഫോർമറുകളും പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതും കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കേസുകൾ തീർപ്പാക്കാത്തത് കാരണം നടപ്പാതകളിൽ ഇപ്പോഴും നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്. നടപ്പാതകളിൽനിന്ന് ഈ തടസ്സങ്ങളൊക്കെ നീക്കാൻ നടപടി ഉണ്ടാകണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.
അതിനിടെ ദേശീയപാതയിൽ വഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന് പരിഹാരം കാണാനും പരിശോധിക്കാനുമായി ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. റോഡിന്റെ വശത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കാനാണ് ജില്ല കലക്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

