അധ്യാപകരില്ല; കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം
text_fieldsകേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തുന്നു
പെരിയ (കാസർകോട്): അധ്യാപക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവാഴ്സിറ്റിയിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം. കേന്ദ്രവാഴ്സിറ്റിയിൽ ചെലവ് ചുരുക്കുന്നതിന് അധ്യാപകരുടെ എണ്ണം കുത്തനെ കുറക്കാനുള്ള പുതിയ വൈസ് ചാൻസലറുടെ നടപടിക്കെതിരെയാണ് 70ലധികം വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ. സിദ്ദു പി. അൽഗൂറിന്റെ മുറിക്കു പുറത്ത് സത്യഗ്രഹമിരുന്നത്.
ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ വിദ്യാർഥികളാണ് പ്രത്യക്ഷസമരത്തിന് തുടക്കമിട്ടത്. ഈ വകുപ്പിലാണ് വലിയ വെട്ട് നടത്തിയത്. ഓരോ വകുപ്പിലും ഏഴ് ഫാക്കൽട്ടികളെയാണ് യു.ജി.സി നിശ്ചയിച്ചത്. എന്നാൽ, വൈസ് ചാൻസലർ അത് മൂന്നാക്കി ചുരുക്കി. ഇപ്പോൾ വിദ്യാർഥികൾക്ക് പേപ്പർ തീർക്കാനാളില്ലാത്ത സ്ഥിതിയാണ്. മുഴുവൻ ഗെസ്റ്റ് അധ്യാപകരെയും പിരിച്ചുവിട്ട പുതിയ വി.സി പഠിപ്പിക്കാൻ ഇത്രയും അധ്യാപകർ മതി എന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഡീനുകളും വകുപ്പുമേധാവികളും അധ്യാപകരുടെ എണ്ണം കുറക്കുന്നതിനെതിരെ വി.സിയെ സമീപിച്ചിരുന്നു. എന്നാൽ, അത് കേൾക്കാൻ വി.സി തയാറായില്ല. പഠിപ്പിക്കാൻ അധ്യാപകരില്ലാതെ വന്നതോടെ വിദ്യാർഥികൾതന്നെ നേരിട്ടിറങ്ങുകയായിരുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ ഒന്നാം വർഷം, രണ്ടാം വർഷം, റിസർച് സ്കോളർമാർ ഉൾപ്പെടെ 70ലധികം വിദ്യാർഥികൾ വിസിയുടെ മുന്നിലേക്ക് ഇരച്ചെത്തുകയായിരുന്നു. അധ്യാപകരെ നിയമിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് വിദ്യാർഥികൾ പറയുകയും തുടർന്ന് കുത്തിയിരുന്ന് സമരം നടത്തുകയുമായിരുന്നു.
ഫീസടച്ചിട്ടും പഠിപ്പിക്കുന്നില്ല
8000 രൂപയാണ് ഒരു സെമസ്റ്ററിന്റെ ഫീസ്. പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് എത്തുന്നവരാണ് ഞങ്ങൾ. കേന്ദ്ര സർവകലാശാലയായതുകൊണ്ട് മാത്രമാണ് കഷ്ടപ്പെട്ട് പഠിക്കാനെത്തുന്നത്. എന്നാൽ, അധ്യാപകരെ നിയമിക്കാതെ ഫീസ് വാങ്ങുക മാത്രമാണ് ചെയ്യുന്നത്.
ഫീസ് അടക്കാൻ വൈകിയാൽ 500 രൂപയാണ് പിഴയീടാക്കുന്നത്. ഒരുവർഷത്തേക്ക് 1500 രൂപയാണ് വൈഫൈക്കായി നൽകുന്നത്. എന്നാൽ, ഇതുവരെ വൈഫൈ കിട്ടിയിട്ടില്ല -വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

