കാലുകുത്താൻ ഇടമില്ല; ട്രെയിൻ യാത്ര ദുരിതത്തിൽ
text_fieldsഎറണാകുളം-ഓഖ എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിലെ തിരക്ക്
കാസർകോട്: യാത്രക്കാരുടെ തിരക്ക് കാരണം ജനറൽ കോച്ചുകളിലും സ്ലീപ്പർ ക്ലാസുകളിലും കാലുകുത്താൻ ഇടമില്ലാതെയുള്ള ട്രെയിൻയാത്ര ദുരിതമാകുന്നു. 2025ലെ റെയിൽവേയുടെ ട്രെയിൻ സമയപ്പട്ടിക നിലവിൽ വന്നിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല. ജനറൽ കോച്ചുകളുടെ കാര്യം പറയുകയേ വേണ്ട. അധിക കോച്ചുകളോ പുതിയ ട്രെയിനുകളോ കേന്ദ്രസർക്കാർ പരിഗണനയിലില്ല. നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് താൽപര്യം.
ശനിയാഴ്ച എറണാകുളം-ഓഖ എക്സ്പ്രസിൽ ജനറൽ കമ്പാർട്ട്മെന്റിൽ കയറാനാകാതെ ഒട്ടേറെ യാത്രക്കാർ തിരിച്ചുപോകേണ്ടിവന്നു. തിരക്കുമൂലം സ്ലീപ്പർ കോച്ചിൽ കയറാനും സാധിക്കില്ല. എറണാകുളത്തുനിന്ന് കാസർകോടുവരെ ഇതേ തിരക്കായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സമയത്ത് കൂടുതൽ ട്രെയിന് അനുവദിക്കണമെന്ന കേരള എം.പിമാരുടെ ആവശ്യം കേൾക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയാറായിരുന്നില്ല. ഇതുമൂലം വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് നാട്ടിലെത്താൻ പറ്റാത്ത അവസ്ഥയുമുണ്ടായി.
അതിനിടെ, ഷൊർണൂർ-കണ്ണൂർ സ്പെഷൽ മെമു ട്രെയിൻ സർവിസ് മഞ്ചേശ്വരം വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നിവേദനങ്ങൾ നൽകിവരുന്നുണ്ട്. രണ്ടു ദിവസം മുമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് വീണ്ടും നിവേദനം നൽകി. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ. അൻവർ പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം ഇ-മെയിൽ വഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

