കോടതിയും മാനേജ്മെന്റും വിലക്കിയിട്ടും നടപടിയില്ല; കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പരിപാടികൾ തുടരുന്നു
text_fieldsകാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ട്രേഡ് യൂനിയനുകൾ നടത്തുന്ന പൊതുയോഗം
കാസർകോട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ചെവി പൊത്തിപ്പിടിച്ച്. അസഹ്യമായ ശബ്ദകോലാഹലങ്ങളിൽ കൈക്കുഞ്ഞുങ്ങളുടെ കരച്ചിൽ വേറെയും. ഇടക്കിടെയുള്ള ട്രേഡ് യൂനിയനുകളുടെ സമരപരിപാടികൾ യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഉച്ചത്തിലുള്ള മൈക്ക് സംവിധാനത്തിലാണ് ഡിപ്പോയിൽ യോഗങ്ങളും സമരപ്രഖ്യാപന കൺവെൻഷനുകളും നടക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശബ്ദമലിനീകരണം 2000ൽ സുപ്രീംകോടതി കർശനമായി വിലക്കിയിരുന്നു. അതിന് പിന്നാലെ ഹൈകോടതിയും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും പരിസരങ്ങളിലും ട്രേഡ് യൂനിയനുകളുടെ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം എന്നിവ കർശനമായി വിലക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തന്നെ 2021 ജനുവരിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രേഡ് യൂനിയനുകളുടെ സമരങ്ങളും പൊതുയോഗങ്ങളും വിലക്കി സർക്കുലർ പുറപ്പെടുവിച്ചത്. എന്നിട്ടും നടപടികൾ കടലാസിൽതന്നെ. യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്നതരത്തിൽ ഇത്തരം യൂനിയൻ പ്രവർത്തനങ്ങൾ തടയാൻ ഹൈകോടതി പലപ്പോഴായും ഇടപെടൽ നടത്തിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലെ കോമ്പൗണ്ടിനുള്ളിൽപോലും യോഗങ്ങൾ നടത്തിയാൽ ജീവനക്കാർക്കെതിരെയും അതിന് നേതൃത്വം നൽകുന്ന യൂനിയൻ നേതാക്കൾക്കെതിരെയും പൊലീസിൽ പരാതി നൽകാൻ ഡിപ്പോ അധികാരികൾക്ക് നിർദേശവുമുണ്ട്. ഇതുപോലും അധികൃതർ ചെവിക്കൊള്ളുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

