നീലേശ്വരത്തെ എം.ഡി.എം.എ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsനീലേശ്വരം: മംഗള എക്സ്പ്രസിൽ പഞ്ചാബിൽനിന്ന് നീലേശ്വരത്ത് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേസിൽ രണ്ടുപേരെ കൂടി നീലേശ്വരം എസ്.ഐ സി.എം. സാബുവും സംഘവും അറസ്റ്റ് ചെയ്തു. മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. വ്യാഴാഴ്ച ഉച്ചക്ക് 697 ഗ്രാം എം.ഡി.എം.എയുമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ അഹമ്മദ് റുക്ഷാദ് (33), അബ്ദുൽ ഹമീദ് (30) എന്നിവർ അറസ്റ്റിലായിരുന്നു. നീലേശ്വരത്ത് ട്രെയിൻ ഇറങ്ങുന്ന അഹമ്മദിനെയും അബ്ദുൽ ഹമീദിനെയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു യൂസഫും നൗഷാദലിയും. ഇവർക്ക് മയക്കുമരുന്ന് കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്ന് മംഗള എക്സ്പ്രസിലായിരുന്നു ഇവർ മയക്കുമരുന്ന് കടത്തിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നതെങ്കിലും അവിടെ പൊലീസ് സംഘത്തെ കണ്ട് അടുത്ത സ്റ്റോപ്പായ നീലേശ്വരത്ത് ഇറങ്ങുകയായിരുന്നു. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിയിരുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞിട്ട് പിടികൂടി.
ജില്ല പൊലീസ് മേധാവി പി. നിധിൻ രാജിന്റെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട. എ.എസ്.ഐ ഓമനക്കുട്ടൻ, ഗ്രേഡ് എസ്.ഐ ശ്രീജിത്ത്, വിനീഷ്, രമേശൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അതേസമയം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമെന്ന് സൂചനയുണ്ടെന്ന സംശയം പോലീസിനുണ്ട്. വിപണിയിൽ അരക്കോടി രൂപയെങ്കിലും വിലമതിക്കുന്ന 665.67 ഗ്രാം എം.ഡി.എം.എയാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. പഞ്ചാബിൽ നിന്ന് എം.ഡി.എം.എ വാങ്ങി കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
പാകിസ്താനിൽനിന്ന് ഗൾഫ് വഴിയാണ് മയക്കുമരുന്ന് പഞ്ചാബിലേക്ക് എത്തിയതെന്നാണ് പ്രതികൾ നൽകുന്ന സൂചന. കാസർകോട് സ്വദേശികളാണ് വിദേശത്ത് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണിയെന്നാണ് ലഭിക്കുന്ന വിവരം. ഗൾഫിൽ നിന്ന് ഇവർ മുഖേനയാണ് പിടിയിലായ പ്രതികൾക്ക് പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയതെന്നാണ് സൂചന.
അതേസമയം മംഗളൂരു കൊറിയർ സ്ഥാപനത്തിലേക്ക് വന്ന രണ്ടുകോടിയുടെ മയക്കുമരുന്നുമായി ബന്തിയോട് സ്വദേശിയും മംഗളൂരു സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്. ഇവർക്കും എം.ഡി.എം.എ പാർസലായി എത്തിയത് പഞ്ചാബിൽ നിന്നാണ്. അതുകൊണ്ടുതന്നെ നീലേശ്വരത്ത് പിടിയിലായ സംഘത്തിന് മംഗളൂരുവിൽ പിടിയിലായ സംഘവുമായി ബന്ധം ഉണ്ടാകുമോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മയക്കുമരുന്നുശൃംഗലയെക്കറിച്ചുള്ള കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ നാലുപ്രതികളെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

