പുനരുപയോഗം തടഞ്ഞതിന് പിന്നാലെ വൃക്കരോഗികൾക്ക് ഉപകരണ ക്ഷാമം
text_fieldsതൃക്കരിപ്പൂർ: വൃക്കരോഗികളിൽ ഹീമോ ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പുനരുപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിർദേശം കർശനമാക്കിയതോടെ ചികിത്സാ ചെലവ് കുത്തനെ ഉയരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം അപര്യാപ്തമായതിനാൽ ഉപകരണങ്ങൾ അണുമുക്തമാക്കി നിരവധി തവണ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് രോഗികൾക്ക് ഡോക്ടറുടെ നിർദേശ പ്രകാരം ഡയലൈസർ, ട്യൂബ്, അനുബന്ധ മരുന്നുകൾ എന്നിവ നൽകി വരുന്നത്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ആവശ്യമുള്ള രോഗികളാണ് ഏറെയും. കഴിഞ്ഞ വർഷം 40 രോഗികൾ ഉണ്ടായിരുന്ന തൃക്കരിപ്പൂരിൽ ഉടുമ്പുന്തല ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത 47 രോഗികളുണ്ട്.
ഉപകരണത്തിനും അനുബന്ധ മരുന്നുകൾക്കും ഉൾപ്പെടെ ആറുലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനം ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ചത്. ഇപ്പോഴുള്ള രോഗികളിൽ മുഴുവൻ പേർക്കും നിർദിഷ്ട രീതിയിൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ ഈ തുക അപര്യാപ്തമാണ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിക്ക് മാത്രം 12 സെറ്റ് ഉപകരണവും മരുന്നും നൽകേണ്ടിവരുന്നു. ഡയലൈസർ, ട്യൂബ് എന്നിവ മാസത്തിൽ മൂന്നെണ്ണം വെച്ച് നൽകിയാണ് പാലിയേറ്റിവ് മാനേജ്മെന്റ് കമ്മിറ്റി തീരുമാന പ്രകാരം ഉദ്യോഗസ്ഥർ അപര്യാപ്തത ‘നേരിടുന്നത്’. ഡയാലിസിസ് കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള സമ്മർദമുണ്ട്. ചില രോഗികളെങ്കിലും ഉപകരണം കിട്ടിയില്ലെങ്കിൽ ഡയാലിസിസ് വേണ്ടെന്ന് വെക്കുന്ന സാഹചര്യവും ഉണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഡയാലിസിസ് തുടങ്ങിയാൽ ഭീമമായ സാമ്പത്തിക ബാധ്യതയാണ് കുടുംബങ്ങൾക്ക് വന്നുചേരുന്നത്.
ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ രക്ത കോശങ്ങളുടെ കുറവ് പരിഹരിക്കാൻ രണ്ട് ഡോസ് ആർ.എച്ച്.ഇ ഇൻജക്ഷൻ നൽകേണ്ടതുണ്ട്. ഒരു രോഗിയുടെ ആവശ്യത്തിന് മാത്രം പ്രതിമാസം 24 യൂനിറ്റുകൾ വേണ്ടിവരും. ഇവയുടെ ക്ഷാമം മൂലം വെളിയിലേക്ക് കുറിപ്പടി നൽകുകയാണ്. ഒരു ഇൻജക്ഷൻ മരുന്നിന് ആയിരം രൂപയിലേറെയാണ് വിപണിയിലെ വില. ഇക്കഴിഞ്ഞ ഒക്ടോബർ 16 നാണ് കേന്ദ്ര ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഉപകരണങ്ങളുടെ പുനരുപയോഗം തടയാൻ കർശന നിർദേശം നൽകിയത്. വൃക്കരോഗികളിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങൾ സംക്രമിക്കുന്നത് തടയാനാണ് നിർദേശം കടുപ്പിച്ചിട്ടുള്ളത്. ഡയലൈസർ, ബ്ലഡ് ട്യൂബിങ് എന്നിവ പ്രത്യേകം ഒറ്റത്തവണ ഉപയോഗത്തിനായി എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം ഉപാധികളോടെ പുനരുപയോഗം അനുവദിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

