പുതിയ പെർമിറ്റിന് പുതിയ ബസ്; പ്രതിഷേധം ശക്തം
text_fieldsകാഞ്ഞങ്ങാട്: സ്വകാര്യ ബസുകളുടെ എണ്ണം ഇടിയുന്നതിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയതീരുമാനം ബസ് വ്യവസായമേഖലക്ക് പ്രഹരമാകുന്നുവെന്ന് ആരോപണം. പുതിയ പെർമിറ്റുകൾക്ക് അനുമതികിട്ടാൻ പുത്തൻ ബസുകൾ ഹാജരാക്കണമെന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവാണ് സ്വകാര്യ ബസ് വ്യവസായമേഖലക്ക് കുരുക്കാകുന്നത്. നിലവിലുള്ള പെർമിറ്റുകളിൽ 22 വർഷം പഴക്കമുള്ള ബസുകൾക്ക് ഓടാൻ അനുമതിയുള്ളപ്പോഴാണ് അഞ്ചുവർഷ കാലാവധിയുള്ള പെർമിറ്റിന് പുത്തൻ ബസ് വേണമെന്ന തീരുമാനം. ഗ്രാമീണ റൂട്ടുകളിൽ 503 പെർമിറ്റുകൾ അനുവദിക്കുമെന്നപേരിൽ നടപ്പാക്കുന്ന പദ്ധതിക്കെതിരെയും വിമർശനമുണ്ട്. ഓടിയാൽ ഡീസൽ കാശുപോലും ലഭിക്കാത്ത റൂട്ടുകളടക്കം ഉദ്യോഗസ്ഥർ ശിപാർശ ചെയ്തപ്പോൾ ജനപ്രതിനിധികളുടെ നിർദേശം പലതും ചവറ്റുകൊട്ടയിൽ തള്ളിയെന്നാണ് ആരോപണം.
കാസർകോട്ടടക്കമുള്ള പിന്നാക്ക ജില്ലകളിലെ സമീപ പ്രദേശങ്ങളിൽ പുതിയ റോഡുകളും പാലങ്ങളും വന്നു. ഇതിലൊക്കെ ബസ് സർവിസുകൾ തുടങ്ങുന്നില്ലെങ്കിൽ, സ്വകാര്യ വാഹനം ഉള്ളവനേ പ്രയോജനപ്പെടുള്ളൂ. ബസ് വാങ്ങി പെർമിറ്റിന് അപേക്ഷിച്ചാൽ തന്നെ ആർ.ടി.എ യോഗം നടക്കുന്നത് ആറുമാസത്തലായിരിക്കും. വീണ്ടും തീരുമാനം വരാൻ രണ്ടുമാസമെടുക്കും.
പെർമിറ്റ് പാസായാലും ഓടാനുള്ള സമയം നിശ്ചയിച്ചുനൽകാനും മാസങ്ങൾ വൈകിപ്പിക്കും. പഴയ ഓപറേറ്റർമാരുടെ അഭിപ്രായം പരിഗണിച്ചു മാത്രമേ പുതിയ ആൾക്ക് സമയക്രമം അനുവദിക്കൂ. ലാഭകരമാകാത്ത സമയം അനുവദിപ്പിക്കാനും ഇതിനിടയിൽ ശ്രമമുണ്ടാകും. ഒരുമണിക്കൂർ ഇടവേളയുള്ള റൂട്ടിൽ, നിലവിലുള്ള ബസിന്റെ അഞ്ചു മിനിറ്റ് പിന്നിൽവരെ സമയം നൽകും. മൂന്നോ നാലോ യോഗം നടത്തിയാണ് ടൈമിങ് കിട്ടുന്നത്. ഒരുവർഷം മുമ്പ് അനുവദിച്ച പെർമിറ്റിന് ഇതുവരെ സമയക്രമം അനുവദിക്കാത്ത പ്രശ്നവും ജില്ലയിലുണ്ട്. പ്രതിമാസം അരലക്ഷം ലോണടവുള്ള ബസിന് ഒരുവർഷത്തോളം കൃത്യമായി ഓടാനാകാത്തത് ലക്ഷങ്ങളുടെ ബാധ്യതയാകും.
എന്ത് ധൈര്യത്തിലാണ് പുത്തൻ ബസുകൾ വാങ്ങുകയെന്നാണ് ഈ മേഖലയിലുള്ളവരുടെ ചോദ്യം. പുതിയ റൂട്ടിൽ പെർമിറ്റ് തുടങ്ങാൻ 45 ലക്ഷം വരെ മുടക്കി ബോഡികോഡ് അനുസരിച്ചുള്ള ബസ് ഇറക്കണം. 14 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ കെ.എസ്.ആർ.ടി.സി ഓടുന്നത് നൂറിൽ താഴെയാണ്. ഭൂരിഭാഗവും ദേശസാത്കൃത പാതയായ ചന്ദ്രഗിരി, മംഗളൂരു, കണ്ണൂർ-കാസർകോട് പാതകളിൽ. ഗ്രാമങ്ങളിലേക്ക് സർവിസ് നടത്താൻ ശേഷിയില്ലാതിരിക്കെ, സ്വകാര്യ സംരംഭകരെ സർക്കാർതന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടുവരേണ്ടതാണെങ്കിലും പുതിയ തീരുമാനങ്ങൾ വിപരീതഫലമാണുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

