പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനുപകരം പുതിയ കെട്ടിടം നിർമിക്കുന്നത് അനിശ്ചിതത്വത്തിൽ
text_fieldsനീലേശ്വരം ബസ് സ്റ്റാൻഡിലെ താൽക്കാലിക ഷെൽട്ടർ
നീലേശ്വരം: കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലാണെന്നുപറഞ്ഞ് പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോപ്ലക്സിനുപകരം പുതിയ കെട്ടിടം വേഗത്തിൽ നിർമിക്കുമെന്ന നഗരസഭാധികൃതരുടെ വാക്ക് പാഴ്വാക്കായി. പകരം ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് നിർമിച്ച കൂടാരത്തിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. പതിനഞ്ചോളം കച്ചവടക്കാരാണ് കെട്ടിടം പൊളിച്ചതിനാൽ വഴിയാധാരമായത്. 10 കോടി ചെലവിൽ അണ്ടർഗ്രൗണ്ട് ഉൾപ്പെടെ നാല് നിലകളിലായി 50,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിക്കാൻ പ്ലാൻ രൂപകൽപന ചെയ്തത്.
കാസർകോട് എൽ.ബി.എസ് എൻജിനീയറിങ് വിഭാഗം മണ്ണ് പരിശോധന നടത്തുകയും ചെയ്തു. ദാമോദർ ആർക്കിടെക്റ്റാണ് കെട്ടിട പ്ലാൻ തയാറാക്കിയത്. പുതിയ കെട്ടിടത്തിൽ 20 കടമുറികളും ഒന്നാമത്തെ നിലയിൽ 26 കടമുറികളും രണ്ടാംനിലയിൽ 12 കടമുറികളും ഏഴ് ഓഫിസ് മുറികളും മൂന്നാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാളും ഒരുക്കാനാണ് തീരുമാനിച്ചത്. അണ്ടർ ഗ്രൗണ്ട് പൂർണമായി വാഹന പാർക്കിങ്ങിനാണ് ക്രമീകരിച്ചത്. ഇവിടെ ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കും. കെട്ടിടത്തിന്റെ പ്ലാൻ, എസ്റ്റിമേറ്റ്, സ്കെച്ച് എന്നിവ തയാറാക്കി ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ച് അംഗീകാരം നേടുകയും ചെയ്തിരുന്നു.
2015ലെ നഗരസഭ ഭരണസമിതി രണ്ടുവർഷംകൊണ്ട് കെട്ടിടംപണി പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ആറുവർഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ നടന്നില്ല. ഫണ്ട് ഇല്ലാത്തതുകാരണമാണ് കെട്ടിടം നിർമിക്കാൻ സാധിക്കാത്തതെന്നാണ് നഗരസഭയുടെ വാദം.
ഫണ്ട് മുൻകൂട്ടി കാണാതെ എന്തിന് ധിറുതികൂട്ടി നഗരസഭ, കെട്ടിടം പൊളിച്ചുനീക്കിയെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. കെട്ടിടം നിർമിക്കാത്തതിനാൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസം വന്നെങ്കിലും നഗരസഭാധികൃതർ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടമെന്ന ഫയൽ അടച്ചുവെച്ചിരിക്കുകയാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

