സഖി വണ്‍ സ്റ്റോപ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി
text_fieldsസഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പുതിയ കെട്ടിടം
കാസർകോട്: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി. കാസര്‍കോട് അണങ്കൂരില്‍ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് ആരോഗ്യ വനിതാ -ശിശു വികസന മന്ത്രി വീണ ജോർജ് ഓണ്‍ലൈനിലൂടെ നിർവഹിക്കും.
വിഡിയോ കോണ്‍ഫറന്‍സ് റൂം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, സബ് ജഡ്ജിയും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ ബി. കരുണാകരന്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, കാസര്‍കോട് അസി. കലക്ടര്‍ മിഥുന് പ്രേംരാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
സംസ്ഥാനത്ത് വനിത -ശിശു വികസന വകുപ്പിന്റെ കീഴില്‍ ആദ്യമായിട്ടാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിനു വേണ്ടി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് അണങ്കൂരില്‍ 61.23 ലക്ഷം ചെലവഴിച്ചാണ് ഇരു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പൊലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില് ഉറപ്പുവരുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. 2020 ആഗസ്റ്റ് 17നു മുന്‍ മന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിനു തറക്കല്ലിട്ടത്.
ജില്ല നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത്. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ച് ദിവസം വരെ ഇവിടെ താമസിക്കാം. കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2019ലാണ് സെന്റര്‍ സ്കീം പ്രവര്‍ത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

