നേപ്പാൾ പ്രളയം; കാസർകോട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsപ്രദീപ്കുമാർ ദുരന്തമുണ്ടായ പ്രദേശത്തിനടുത്ത്
കാഞ്ഞങ്ങാട്: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽനിന്ന് കാഞ്ഞങ്ങാട്ടെ റിട്ട. എസ്.ഐ ഉൾപ്പെടെ കാസർകോട് ജില്ലയിലെ നിരവധിപേർ തലനാരിഴക്ക് രക്ഷപ്പെട്ടു. റിട്ട. എസ്.ഐ പ്രദീപ് കുമാർ, പെരിയ പോളിടെക്നിക്കിലെ അധ്യാപകൻ രാജൻ, ചെറുവത്തൂർ വലിയപൊയിലെ അധ്യാപകനും കവിയുമായ അനിൽ ഉൾപ്പെടെയാണ് പ്രളയസ്ഥലത്തിന്റെ വിളിപ്പാടകലെ ഉണ്ടായത്. കണ്ണൂരിലെ അധ്യാപികയും ബാങ്ക് ജീവനക്കാരനും ഒപ്പം ഉണ്ടായിരുന്നു. കോട്ടയം, എറണാകുളം സ്വദേശികൾ ഉൾപ്പെടെ 36 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.
23ന് എറണാകുളത്തുനിന്ന് ട്രാവൽ ഏജൻസി വഴി വിനോദയാത്ര പോയതായിരുന്നു. രാവിലെ ട്രാവലറിൽ കാഡ്മണ്ഡുവിൽനിന്ന് പോകുന്ന വഴിയിലായിരുന്നു പ്രളയമുണ്ടായതെന്ന് പ്രദീപ്കുമാർ പറഞ്ഞു. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നുവെങ്കിൽ പ്രളയത്തിൽ തകർന്ന രണ്ട് ബ്രിഡ്ജുകൾക്കിടയിൽ കുടുങ്ങി പോകുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ എല്ലാവരും സുരക്ഷിതരാണ്. ഇവർക്കൊപ്പം ചെറിയ കുട്ടികളുമുണ്ടായിരുന്നു. പിന്നീട് ഇവർ മണിക്കൂറുകൾ യാത്ര ചെയ്ത് മറ്റൊരു വഴിയിൽ കൂടി ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു. കിലോമീറ്ററുകളോളം കാട്ടിലൂടെ സഞ്ചരിച്ചാണ് സുരക്ഷിതസ്ഥാനത്ത് എത്തിയത്. യാത്രക്ക് പൊലീസ് സഹായം ലഭിച്ചു. എത്രയോ വീടുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നത് ഇവർ നേരിൽ കണ്ടിരുന്നു . ഭീകര കാഴ്ചയായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

