പശുക്കൾക്ക് മേഞ്ഞുനടക്കാൻ ദേശീയപാത; നടപടിയെടുക്കാതെ അധികൃതർ
text_fieldsചെർക്കളയിൽനിന്ന് വിദ്യാനഗറിലേക്കുള്ള ദേശീയപാത മേൽപാലത്തിൽ പശുക്കൾ
കാസർകോട്: കാസർകോട് ദേശീയപാത 66 വാഹനങ്ങൾക്കായി തുറന്നുകൊടുത്തതോടെ ചെർക്കളയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് വരുന്നത്. ഇതിനിടയിൽ അപകടം പശുക്കളുടെ രൂപത്തിൽ കാത്തിരിക്കുകയാണ്. ദേശീയപാത 66ലാണ് പശുക്കൾ ഇപ്പോൾ മേയാനിറങ്ങുന്നത്. സർവിസ് റോഡിൽനിന്ന് അലഞ്ഞുതിരിഞ്ഞ് ദേശീയപാത മേൽപാലത്തിലെത്തിയതാണ് ഇക്കൂട്ടർ. പിന്നീട് താഴെ ഇറങ്ങാൻ പറ്റാത്തവിധം കുരുക്കിലുമാകുന്ന അവസ്ഥയാണ്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡും മറ്റും കൈയടക്കിവാണിരുന്ന ഇവർ സ്റ്റാൻഡിൽ ചാണകമിട്ട് യാത്രക്കാർക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോഴും അത് തുടരുന്നുണ്ട്. ഞായറാഴ്ചകളിലും മറ്റുമാണ് സ്റ്റാൻഡിൽ ഇതിന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടിവരുന്നത്. എന്നാൽ, പശുക്കൾ ഇപ്പോൾ ദേശീയപാതയിലാണ് കറങ്ങിനടക്കുന്നത്. ഇവയെ നഗരത്തിലേക്ക് മേയാൻ വിടുന്നവരാണ് ഉത്തരവാദികൾ.
ചെർക്കളയിൽനിന്ന് ദേശീയപാത തുറന്നതോടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്നത് പശുക്കൾക്കും വാഹനങ്ങൾക്കും മനുഷ്യജീവനും വലിയ അപകടങ്ങളാണ് വരുത്തിവെക്കുക. നിർമാണപ്രവൃത്തി മുഴുവനായി തീരാത്തതിനാൽ വാഹനങ്ങൾ കുറവാണെങ്കിലും ഇതുവഴി പോകുന്ന വാഹനങ്ങൾ നല്ല വേഗത്തിലാണ് യാത്ര. ഇങ്ങനെ മേയുന്ന പശുക്കൾ ദേശീയപാത മേൽപാലത്തിൽ വിഹരിക്കുകയാണ്. ഇവിടെ കിടന്നും റോഡ് മുറിച്ചുകടന്നും ഇവിടം താവളമാക്കുകയാണ്. ഇതിന്റെ ഉടമസ്ഥർ ഇങ്ങനെ നഗരത്തിലേക്ക് അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരും പരിസരവാസികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

