ദേശീയപാത; നീലേശ്വരത്ത് ആകാശപാത നിർമിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്
text_fieldsനീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ നിലവിൽ നടന്നുവരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിർമാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് സംസ്ഥാന സർക്കാറിലേക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. കലക്ടർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് ഇത്. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷനർ എന്നിവർക്കാണ് വിശദമായ ശിപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കൈമാറിയത്.
നിലവിലെ രൂപരേഖ പ്രകാരം മാർക്കറ്റ് ജങ്ഷനിൽ വൻതോതിൽ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള നിർമാണമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ നീലേശ്വരം ടൗൺ മൺമതിലുകളാൽ രണ്ടായി വിഭജിക്കപ്പെടുകയും ഗുരുതരമായ ഗതാഗതക്കുരുക്കിനും നഗരത്തിന്റെ സ്വാഭാവിക വികസനത്തിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും നിലനിൽക്കുന്നുണ്ടെന്നും കലക്ടർ വ്യക്തമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പുറം റോഡ് വരെ നിലവിൽ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിർമാണം പൂർണമായും ഒഴിവാക്കി, തൂണുകളിൽ അധിഷ്ഠിതമായ ഫ്ളൈഓവർ നിർമിക്കാൻ ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. നിലവിലുള്ള സർവീസ് റോഡുകളിൽ സ്ഥലപരിമിതി കാരണം വാഹനങ്ങൾ തിരിയുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുകൾ നേരിടുന്നു. ഫ്ളൈഓവർ കൂടുതൽ വീതി ലഭ്യമാകും.
കോട്ടപ്പുറം-തൈക്കടപ്പുറം റോഡിലേക്കുള്ള പ്രവേശനം സുരക്ഷിതമായി ടൂറിസം, മത്സ്യബന്ധന മേഖലകൾക്ക് തിരിച്ചടി ഒഴിവാക്കാം. നീലേശ്വരം പുഴയ്ക്ക് കുറുകെ 1958 -ൽ നിർമിച്ച നിലവിലെ ദേശീയപാത പാലം അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിർത്തി പുതിയ മൂന്ന് വരി പാലം മാത്രം നിർമിച്ചാൽ ആകെ അഞ്ച് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും. പുതിയ മൂന്നുവരി പാലം നിർമ്മിക്കുന്നതാണ് അഭികാമ്യം. ഭൂമിശാസ്ത്രപരവും പരിസ്ഥിതി സംബന്ധമായും ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് വിദഗ്ദ സമിതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

