ദേശീയപാത സർവിസ് റോഡ്: കമ്പികൾ പുറത്തേക്ക്; ജീവഭയത്തിൽ യാത്രക്കാർ
text_fieldsനീലേശ്വരം പാലത്തിലെ എംബാങ്ക്ഡ് ബ്രിഡ്ജിന്റെ കോൺക്രീറ്റിലെ കമ്പികൾ സർവിസ് റോഡിലേക്ക് തള്ളിനിൽക്കുന്നു
നീലേശ്വരം: ദേശീയപാതയിൽ നീലേശ്വരം പാലം മുതൽ നിടുങ്കണ്ടവരെ യാത്രചെയ്യുമ്പോൾ സൂക്ഷിച്ച് സഞ്ചരിക്കണം. ഇല്ലെങ്കിൽ കൂർത്തകമ്പികൾ ദേഹത്ത് തുളച്ചുകയറുമെന്നുറപ്പാണ്. ദേശീയപാതയിൽ നീലേശ്വരം പാലം മുതൽ നിടുങ്കണ്ടവരെയുള്ള സർവിസ് റോഡിലെ യാത്രയാണ് അപകടഭീഷണിയുയർത്തുന്നത്. ഹൈവേയിൽ നിർമിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജിന്റെ കോൺക്രീറ്റ് ചുമരിൽനിന്നാണ് കൂർത്ത കമ്പികൾ സർവിസ് റോഡിലേക്ക് തള്ളിനിൽക്കുന്നത്. ചുമരിൽനിന്ന് ഒന്നര മീറ്റർ ദൂരത്തിൽ പുറത്തേക്ക് തള്ളിയാണ് നിൽക്കുന്നത്.
ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ഈ പാതയിൽ രണ്ടു വാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ ബ്രിഡ്ജിന്റെ ഭിത്തിയോട് ചേർന്നുരുമ്മി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലങ്കിൽ ദേഹത്ത് കമ്പി തുളച്ചുകയറും. ടാങ്കർ ലോറികൾക്കും ചരക്കു വാഹനങ്ങൾക്കും ബസിൽ യാത്ര ചെയ്യുന്നവർക്കുമാണ് തള്ളിനിൽക്കുന്ന കമ്പികൾ അപകടഭീഷണിയുയർത്തുന്നത്. കോൺക്രീറ്റ് കഴിഞ്ഞാൽ തള്ളിനിൽക്കുന്ന കമ്പികൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്തം കരാറുകാരനാണ്. മാർക്കറ്റ് ജങ്ഷനിലും മറ്റും ഭിത്തിയിൽനിന്ന് കോൺക്രീറ്റ് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി ചെയ്തതിനാൽ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നില്ല.
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നകാര്യം യാത്രക്കാർതന്നെ അധികൃതരെ അറിയിച്ചിട്ടും കമ്പി മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മാസങ്ങൾക്കുമുമ്പ് നീലേശ്വരം പൊലീസ് സ്റ്റേഷന്റെ മുന്നിൽ കാൽനടക്കാർക്ക് അപകടഭീഷണിയായിനിന്ന കമ്പികൾ പരാതിയെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

