ദേശീയപാത: പഴയ മൊഗ്രാൽ പാലം പൊളിക്കില്ല
text_fieldsമൊഗ്രാൽ ദേശീയപാതയിൽ പഴയ എൻ.എച്ച് പാലം രണ്ടുവരിപ്പാതയിൽ നിലനിർത്താനുള്ള പ്രവൃത്തി ആരംഭിച്ചപ്പോൾ
മൊഗ്രാൽ: ചെങ്കള-തലപ്പാടി റീച്ചിലെ മൊഗ്രാൽ പുഴക്ക് കുറുകെയുള്ള പഴയ പാലം ദേശീയപാതയുടെ ഭാഗമായി നിലനിർത്തും. പുനർ നിർമിക്കാതെ തന്നെ രണ്ടുവരിപ്പാതയിൽ നിലനിർത്തുന്നതിനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചു. ഈ പാലത്തിലെ രണ്ടു വശവും സർവിസ് റോഡ് ഇല്ലാത്തതിനാൽ മംഗളുരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങളും സർവിസ് റോഡിലൂടെ വരുന്ന മറ്റുവാഹനങ്ങളും രണ്ടുവരിപാതയിലേക്ക് കയറും. ദേശീയപാത ആറുവരിയും സർവിസ് റോഡ് രണ്ടു വരിയും ചേർന്ന എട്ടുവരിപ്പാത മൊഗ്രാൽ പാലത്തിൽ അഞ്ചുവരിയായി മാറുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പാലം മൂന്നുവരിപ്പാതയാക്കി പുനർ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. മൊഗ്രാൽ പാലം പുനർനിർമിക്കാതെ നിലവിലുള്ള പഴയ പാലം നിലനിർത്തി കൊണ്ടുള്ള പ്രവൃത്തി ആരംഭിച്ചിരിക്കെ മൂന്നുവരി ഹൈവേ എന്നത് ഇവിടെയെത്തുമ്പോൾ രണ്ടുവരിയായി ചുരുങ്ങുന്നത് ഈ റൂട്ടിലോടുന്ന വലിയ ചരക്ക് വണ്ടികൾക്കും മറ്റും ദുരിതമാവും.
പാലത്തിലെത്തുമ്പോൾ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗതയിൽ വരുന്ന വാഹനങ്ങൾ വൻ അപകടങ്ങളിൽ ചെന്ന് ചാടാനുള്ള സാധ്യതയും ഏറെയാണെന്ന് നാട്ടുകാർ നേരത്തെ തന്നെ അധികൃതരെ രേഖാമൂലം അറിയിച്ചതുമാണ്. വിദ്യാഭ്യാസ-കച്ചവട-ആശുപത്രി ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി മംഗളുരുവിലേക്ക് ചീറിപ്പായുന്ന പാതയായതിനാൽ ഈ അശാസ്ത്രീയമായ നിർമാണത്തെ ശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്.
പഴയ മൊഗ്രാൽ പാലം പൊളിച്ച് മൂന്നുവരിയാക്കി പുനർ നിർമിക്കുകയും സർവിസ് റോഡ് സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ മൊഗ്രാൽ ദേശീയവേദി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി, മനുഷ്യാവകാശ കമീഷൻ ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടർ, എൻ.എച്ച്. കണ്ണൂർ പ്രോജക്ട് ഡയറക്ടർ, തലപ്പാടി-ചെങ്കള റീച്ച് യു.എൽ.സി.സി ഓഫിസർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, യു.എൽ.സി.സി കുമ്പള ഓഫിസർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

