ദേശീയപാത; 56 സ്ഥലങ്ങളിൽ ദുരന്ത സാധ്യത
text_fieldsദേശീയപാത 66ലെ തകർന്ന സ്ഥലങ്ങൾ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയും സംഘവും സന്ദർശിക്കുന്നു
കാസർകോട്: ദേശീയപാതയില്‍ ദുരന്തനിവാരണ പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളില്‍ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. കലക്ടർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ ഇതുസംബന്ധിച്ച യോഗത്തിലാണ് അവതരിപ്പിച്ചത്.
അവക്ക് വേഗത്തില്‍ സാധ്യമായ പരിഹാരങ്ങളും നിർദേശിച്ചു. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോടും നിർമാണ കരാര്‍ കമ്പനിയോടും കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശിച്ചു. ദേശീയപാതയിലെ ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ പ്രവൃത്തി ഉറപ്പുവരുത്താന്‍ നിരീക്ഷണത്തിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കുന്നിടിച്ചില്‍ ഭീഷണി, സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍, ഓവുചാല്‍ സംവിധാനത്തില്‍ അപാകത, ഗതാഗത തടസ്സം, പ്രധാന പാതയിലെയും പാര്‍ശ്വപാതകളിലെയും വെള്ളക്കെട്ട് തുടങ്ങിയവയാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
എന്നാല്‍, കൂടുതല്‍ പ്രദേശങ്ങളില്‍ പ്രശ്നങ്ങളുള്ളതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥരെ കാലവര്‍ഷത്തിനു മുമ്പുതന്നെ ഇതിനായി നിയോഗിച്ചതായും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കാലവര്‍ഷത്തിനു മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും നടപടി സ്വീകരിക്കാന്‍ നിർമാണ കമ്പനികള്‍ക്ക് നിർദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.
ദേശീയപാത കടന്നുപോകുന്ന മേഖലയിലെ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ. റമീസ് രാജ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ പാത നിർമാണം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചില്‍ വാഹനങ്ങള്‍ തെന്നിമാറി മാറ്റു വാഹനങ്ങളില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ നടക്കുന്നുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ പ്രശ്നം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരിക്കാടിയില്‍ ടോള്‍ പ്ലാസ ആരംഭിക്കുന്നതിന് മുമ്പ് വെള്ളക്കെട്ടും ഇത്തരം പ്രശ്നങ്ങളും പരിഹരിക്കുകയാണ് വേണ്ടതെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ പറഞ്ഞു.
ദേശീയപാതയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പകരം ഇതിന് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു. ചെര്‍ക്കള നഗരത്തില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴികള്‍ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളിയാകുമെന്നും താല്‍ക്കാലികമായി കുഴികള്‍ അടക്കേണ്ടതുണ്ടെന്നും യോഗം നിർദേശിച്ചു.
നഗരസഭ അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, കെ.വി. സുജാത, ടി.വി. ശാന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു.പി. താഹിറ, അഡ്വ. ഷമീറ ഫൈസല്‍, ഖാദര്‍ ബദരിയ, സുഫൈജ അബൂബക്കര്‍, അരവിന്ദാക്ഷന്, എം. കുമാരന്, സി.വി. പ്രമീള, പി.പി. പ്രസന്നകുമാരി, മംഗല്പാടി, മഞ്ചേശ്വരം, അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ, എല്‍.എ.എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍ എസ്. ബിജു തുടങ്ങിയവര്‍ തദ്ദേശ സ്ഥാപന തലത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.
നീലേശ്വരത്ത് കാര്യങ്കോട് പുഴയിലെ ബണ്ട് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് നിലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത യോഗത്തില്‍ അറിയിച്ചു.
കാര്യങ്കോട് പുഴയില്‍ പാലം നിർമിക്കുന്നതിനായി സ്ഥാപിച്ച ബണ്ടുകള്‍ പൊളിച്ചുനീക്കണമെന്നും മഴ കൂടുന്നതിനനുസരിച്ച് പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ ജലനിരപ്പ് ഉയരുകയാണെന്നും ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളം കടലിലേക്ക് സുഖമായി ഒഴുകിപ്പോകുന്നതിനായി ബണ്ടുകള്‍ പൊളിച്ചുനീക്കാന്‍ ദേശീയപാത നിർമാണ കമ്പനിക്ക് കലക്ടര്‍ നിർദേശം നല്കി. മേയ് 24ന് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

