ദേശീയപാത നടപ്പാത: വീടുകളും മതിലുകളും സ്ഥാപനങ്ങളും ഇപ്പോഴും തടസ്സം
text_fieldsനടപ്പാതകൾക്ക് തടസ്സമായി നിൽക്കുന്ന മതിൽ
കാസർകോട്: ദേശീയപാത സർവിസ് റോഡിന് അരികിലെ നടപ്പാതയിലെ തടസ്സം നീക്കാൻ നിർമാണ കമ്പനിക്കും സർക്കാറിനും സുപ്രീംകോടതി നാലാഴ്ച സമയം നൽകിയെങ്കിലും കടമ്പകൾ ഏറെ. ജില്ലയിലെ പല ഭാഗങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തർക്കങ്ങളിൽ തീരുമാനമാകാത്തതാണ് നടപ്പാത പൂർത്തീകരണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നുണ്ട്.
സ്ഥല ഉടമകൾ മതിലുകൾകെട്ടി അടച്ച നിലയിലാണ് നടപ്പാതകൾ പാതിവഴിയിലുള്ളത്. മൊഗ്രാൽ പുത്തൂരിലും കുമ്പളയിലും ഏറെയുണ്ട് ഇത്തരം തർക്കസ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ കെട്ടിട നിർമാണവും മതിൽ നിർമാണങ്ങളും ഇപ്പോഴും നടന്നുവരുന്നുമുണ്ട്. ഇതിനിടയിലാണ് നിർമാണം പൂർത്തിയാക്കിയ നടപ്പാതകളിൽ മുഴുക്കെ വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുള്ളത്. സുപ്രീംകോടതി പറഞ്ഞ സമയത്തിനുള്ളിൽ തടസ്സംനീക്കുക സർക്കാറിനെ സംബന്ധിച്ച് പ്രയാസമാവും. സർക്കാർ വീണ്ടും കോടതിയിൽ കൂടുതൽ സമയം ചോദിക്കുമെന്നുറപ്പാണ്. അതേസമയം, സുപ്രീംകോടതിയാകട്ടെ അവസാന അവസരം എന്ന നിലയിലാണ് ഈ മാസം ആദ്യവാരം കേന്ദ്ര-സംസ്ഥാന സർക്കാറിന് നടപ്പാതകളിലെ തടസ്സം നീക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ നിരവധി തവണ സുപ്രീംകോടതി സർക്കാറിന് നിർദേശം നൽകിയതുമാണ്. വീണ്ടും സമയം ചോദിച്ചാൽ കോടതിയിൽനിന്ന് രൂക്ഷ വിമർശനം ഉണ്ടാകുമെന്ന് സർക്കാറുകൾ ഭയക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

