മഞ്ചേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കർണാടക അതിർത്തി കടന്ന കേരളത്തിന്റെ ഭാഗങ്ങളിൽ ടാറിങ് പ്രവൃത്തി തൽക്കാലം നിർത്തിവെക്കും. സംസ്ഥാനത്ത് കാലംതെറ്റിയുള്ള ശക്തമായ മഴമൂലം നിർമാണം അന്തിമഘട്ടത്തിൽ എത്തിച്ചേർന്നതും ടാറിങ് മാത്രം ബാക്കിയുള്ളതുമായ വർക്കുകളാണ് നിർത്തിവെക്കുന്നത്. മഴയത്ത് ടാറിങ് പ്രവൃത്തികൾ ചെയ്യുന്നത് ഗുണനിലവാരം ഇല്ലാതാക്കുമെന്നതിനാലാണ് ടാർ ചെയ്യുന്നത് നിർത്തിവെക്കുന്നത്.
പൈലിങ് ജോലികൾ അതിവേഗം
തലപ്പാടി-ചെങ്കള റീച്ചിൽ പുഴകളിൽ നിർമിക്കേണ്ട പാലങ്ങളുടെ അടിഭാഗങ്ങളിൽ ചെയ്യുന്ന പൈലിങ് വർക്കുകൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഈ റീച്ചിൽ ആകെ 550 പൈലിങ്ങുകളാണ് വേണ്ടത്. ഇതിൽ 200 എണ്ണം പൂർത്തിയായിട്ടുണ്ട്. 40 ശതമാനം. മേയ് പൂർത്തിയാവുന്നതോടെ 50 ശതമാനം പൈലിങ് വർക്കുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിഗമനം. പൈലിങ് വർക്കുകൾ പൂർത്തിയായാൽ പില്ലറുകളും ചെറിയ പാലം പണികളും കാലവർഷം തീരുന്നതോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മഴക്കാലത്ത് കോൺക്രീറ്റ് വർക്കുകളാണ് പ്രധാനമായും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിർമാണ പ്രവർത്തനം നടത്തുന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. മഴ തടസ്സമാവുന്നതിനാൽ റിട്ടേൺ വാളുകൾ, ഡ്രെയിനേജുകൾ, കൾവർട്ട്, എർത്ത് വർക്കുകൾ എന്നിവ ചെയ്യാനാണ് സൊസൈറ്റിയുടെ ലക്ഷ്യം.
ജില്ലയിലെ ആദ്യപാത തുറന്നത് തലപ്പാടിയിൽ
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തനം നടക്കുന്ന മൂന്ന് റീച്ചുകളിലെ ആദ്യപാത പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത് തലപ്പാടിയിൽ. തലപ്പാടി- തൂമിനാട് ദേശീയപാതയാണ് തുറന്ന് കൊടുത്തത്. 890 മീറ്റർ ദൂരം വരുന്ന ഈ പാത എട്ട് മീറ്റർ വീതിയിലാണ് നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി രണ്ട് വീതം നാലുവരി പാതയാണ് ഇവിടെ സർവിസ് റോഡ് നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി നടന്നുവരുന്നു.
മൂന്ന് വീതം രണ്ട് ഭാഗങ്ങളിലേക്കുമായി ആറുവരി പാതയാണ് പ്രധാന റോഡ്. ഇരുഭാഗങ്ങളിലും റിട്ടേൺ വാളുകൾ കെട്ടിയാണ് പ്രധാന റോഡ് നിർമിക്കുന്നത്. ഈ റോഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്നുകൊടുത്തത്. പ്രധാന റോഡുകൾ നിർമിക്കേണ്ട സ്ഥലത്ത് കൂടിയാണ് പഴയ ദേശീയപാത ഉണ്ടായിരുന്നത്.
ഇവിടെ നിർമാണം നടക്കണമെങ്കിൽ ഈ റോഡ് പൊളിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിനാലാണ് ആറുവരിയിൽ രണ്ട് വരി പൂർത്തിയാക്കിയ ഉടനെ ഇതു തുറന്നുകൊടുത്തത്. ആറുവരിയുടെ രണ്ട് ഭാഗങ്ങളിലായാണ് സർവിസ് റോഡ് നിർമിക്കുന്നത്.
മഴ: രണ്ടിടങ്ങളിൽ ടാറിങ് മാറ്റിവെച്ചു
മഴ ആരംഭിച്ചതിനാൽ റോഡ് നിർമാണം പൂർത്തിയായ രണ്ടിടങ്ങളിൽ ടാറിങ് പണികൾ മാറ്റിവെച്ചു.
മഞ്ചേശ്വരം ടൗൺ മുതൽ പൊസോട്ട് പെട്രോൾ പമ്പുവരെയും ചൗക്കിയിലെയും ടാറിങ് പ്രവൃത്തികളാണ് മഴമൂലം നിർത്തിവെക്കേണ്ടി വന്നത്. മംഗൽപാടി പഞ്ചായത്ത് ഓഫിസ് മുൻവശവും ടാറിങ് പ്രവൃത്തികളുടെ അന്തിമഘട്ടത്തിലേക്ക് എത്തിയിരുന്നു.
മഴ തടസ്സം വന്നില്ലായിരുന്നെങ്കിൽ തലപ്പാടി- തൂമിനാട് ദേശീയപാത തുറന്നുകിട്ടിയത് പോലെ മഞ്ചേശ്വരം, ചൗക്കി പാതകളും തുറന്നുകിട്ടുമായിരുന്നു.