ദേശീയപാത നിർമാണം; ബസ് സ്റ്റോപ് പുനർനിർമിച്ചില്ല, ദുരിതത്തിലായി പ്രദേശവാസികൾ
text_fieldsബസ് സ്റ്റോപ് ഒഴിവാക്കിയ മൊഗ്രാൽ മുഹ്യിദ്ദീൻ പള്ളി പരിസരത്തെ സർവിസ് റോഡ്
മൊഗ്രാൽ: ദേശീയപാത നിർമാണവും സർവിസ് റോഡുകളുടെ ജോലികളും ഏകദേശം പൂർത്തിയായതോടെ ബസ് സ്റ്റോപ്പുകൾ നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് മൊഗ്രാൽ മുഹ്യിദ്ദീൻ പള്ളി, കൊപ്രബസാർ പരിസര പ്രദേശത്തുകാർ. കാസർകോട്ടുനിന്ന് കുമ്പളയിലേക്കുള്ള സർവിസ് റോഡിലാണ് ഈ രണ്ട് ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്. മുഹ്യിദ്ദീൻ പള്ളി, കൊപ്രബസാർ എന്നിടങ്ങളിൽ നേരത്തെ ബസ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സ്വകാര്യ ബസുകൾ ഇവിടങ്ങളിൽ കൈകാണിച്ചാൽപോലും നിർത്തുന്നില്ല. കാരണം, ഇവിടങ്ങളിൽ ബസ് സ്റ്റോപ്പുകളോ ബസ് ഷെൽട്ടറുകളോ സ്ഥാപിച്ചിട്ടില്ല.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയതായാണ് അധികൃതരുടെ വിശദീകരണം. ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും മുതിർന്ന പൗരന്മാർക്ക് ബസുകളിൽ യാത്ര ചെയ്യാനും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള രോഗികളായവർക്ക് ആശുപത്രികളിൽ പോകാനും 200 മീറ്ററുകളോളം നടന്ന് മൊഗ്രാൽ ടൗണിനെയും പെർവാഡ് ബസ് സ്റ്റോപ്പിനേയും ആശ്രയിക്കേണ്ടിവരുന്നു. ഇത് ഏറെ ദുരിതമാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ട് സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിക്കുമെന്ന് പ്രദേശവാസികളിൽ ഒരാളായ സുൽഫിക്കർ അലി മൊഗ്രാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

