കാൽനടക്കാർ ക്ഷമിക്കുക, ഇവിടെ ഇത്രയേ സ്ഥലമുള്ളൂ...!
text_fieldsകാസർകോട്: ദേശീയപാത നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കെ കാൽനടക്കാരെ ഗൗനിക്കാതെയാണ് നിർമാണമെന്ന ആക്ഷേപം ശക്തം. തലപ്പാടി ചെങ്കള റീച്ചിലെ 40.220 മുതൽ 40.320 വരെയുള്ള ചെയിനേജ് പാതയിൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള നടപ്പാതക്ക് ആകെയുള്ള വീതി 20 സെന്റിമീറ്ററിൽ താഴെയാണെന്ന് പ്രദേശവാസികളുടെ ആരോപണം. സർക്കാർ ഭൂമിയോട് അതിർത്തി പങ്കിടുന്നതിന്റെ സുരക്ഷവേലിയും ഇവിടെ നിർമിച്ചിട്ടുണ്ട്. റവന്യൂ ഭൂമി ലഭ്യമായിട്ടും നടപ്പാത ഇത്ര ഇടുങ്ങിയതാക്കുന്നത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കരാർ കമ്പനിയുടെ ഓഫിസിന് മുന്നിൽപോലും ഇതുതന്നെയാണ് സ്ഥിതി. മുതിർന്ന പൗരന്മാരും വിദ്യാർഥികളും കാൽനടയായി പോകുന്നയിടങ്ങളിൽ നടക്കാൻ സ്ഥലമില്ലാത്തത് വലിയ പ്രയാസമാണെന്നാണ് ജനങ്ങൾ പറയുന്നത്. കുറഞ്ഞ വീതി 10 മീറ്ററോ അതിൽ കൂടുതലോ റൈറ്റ് ഓഫ് വേ ഉള്ള റോഡുകൾക്ക് കുറഞ്ഞത് 1.8 മീറ്റർ വീതിയാണ് ഐ.ടി.ഡി.പി ശിപാർശ ചെയ്യുന്ന അളവുകോൽ. അതേസമയം, അതിന്റെ അടുത്തുപോലും ഇവിടെയുള്ള നടപ്പാതയുടെ അളവ് എത്തുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.
കാൽനടക്കാർക്ക് തടസ്സമാകുന്ന യൂട്ടിലിറ്റി തൂണുകൾ, മാലിന്യ ബിന്നുകൾ, മറ്റ് വസ്തുക്കൾ എന്നിവപോലുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നാണ് ചട്ടമെങ്കിലും ഇവിടെ എല്ലാ അടയാള ബോർഡുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മറ്റുമെല്ലാം നടപ്പാതയിലാണ് എന്നാണ് ജനങ്ങളുടെ ആരോപണം. ബസ് ബേയും നടപ്പാതയോട് ചേർത്തുനിർത്തുന്ന സ്ഥിതിയാണുള്ളത്. ഇതിനൊരു ശാശ്വതപരിഹാരത്തിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനും കരിയർ വിദഗ്ധനുമായ നിസാർ പെറുവാട് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ദേശീയപാത അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുതിർന്ന പൗരന്മാരും വിദ്യാർഥികളുമടക്കമുള്ള കാൽനടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

