നമസ്തേ കലക്ടർ പരിപാടി: കുരുന്നുകളുടെ കുസൃതിച്ചോദ്യങ്ങൾ; ‘തഗ്ഗ’ടിച്ച് കലക്ടർ
text_fieldsനമസ്തേ കലക്ടർ പരിപാടിയിൽ പങ്കെടുത്ത ചെർക്കള ജി.എം യു.പി.എസിലെ കുട്ടികൾ കലക്ടർ അർജുൻ പാണ്ഡ്യനൊപ്പം
കലക്ടറുടെ ചേംബറിൽ
ചെർക്കള: മഴയുള്ളദിവസങ്ങളിൽ കലക്ടർ അവധി നൽകാറുണ്ടല്ലോ? മഴവരുമോ എന്ന് നേരത്തെ എങ്ങനെ അറിയാം? കലക്ടർ അർജുൻ പാണ്ഡ്യനോട് കുട്ടികളുടെ ചോദ്യം നമസ്തേ കലക്ടർ പരിപാടിയിൽ. മറുപടി പറഞ്ഞെങ്കിലും ചോദ്യങ്ങൾ പിന്നെയും ഒഴുകി. ചെർക്കള ജി.എം.യു.പി എസിലെ കുട്ടികൾക്ക് കലക്ടറോട് ചോദിക്കാൻ ചോദ്യങ്ങൾ ഏറെ. കളിക്കാൻ മൈതാനം ഇല്ലെന്ന് പറഞ്ഞ കുട്ടികളോട് സ്കൂളിന്റെ സമീപത്ത് പുറമ്പോക്ക് ഭൂമിയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു.
ജോലിയും കുടുംബവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകുന്നു, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം, സ്കൂളിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് കുട്ടികൾ കലക്ടറോട് ചോദിച്ചത്. ഈ ജില്ല ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇതുവരെ എട്ട് ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ജോലിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന കുട്ടികളുടെ ചോദ്യത്തിന് ഓരോ കാലത്തും വെല്ലുവിളികൾ വ്യത്യസ്തമാണെന്നും എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ഇരുന്നാൽ എല്ലാം പരിഹരിച്ചു പോകാൻ സാധിക്കുമെന്നും കലക്ടർ പറഞ്ഞു.
സ്കൂളിന് പുതിയ കെട്ടിടം വേണമെന്ന് കുട്ടികളുടെ ആവശ്യം പരിശോധിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി. പരിപാടിയിൽ വിദ്യാർഥികളായ ആദിനാഥ് വരച്ച കലക്ടറുടെ ചിത്രവും ഷൈസാൻ നിർമിച്ച പെൻ ബോക്സും കലക്ടർക്കുസമ്മാനിച്ചു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ചോക്ലറ്റ് നൽകിയ കലക്ടർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചെർക്കള ജി.എം.യു.പി.എസിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 29 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് നമസ്തേ കലക്ടറിൽ പങ്കെടുത്തത്. വിദ്യാർഥികളും ജില്ല സംവിധാനവും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ ജില്ല ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് 'നമസ്തേ കലക്ടർ'. പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് dcipksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

