മുസ്ലിം ലീഗ്: ദേശീയ കൗൺസിലംഗം എ. ഹമീദ് ഹാജി മത്സരത്തിന്
text_fieldsഹമീദ് ഹാജി
കാസർകോട്: മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജിയും നേതൃസ്ഥാനത്തേക്ക് മത്സരത്തിന്. സമവായ നീക്കം ലഘൂകരിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമത്തിന്റെ ഭാഗമാണ് രംഗപ്രവേശമെന്ന് പറയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കായിരിക്കും മത്സരിക്കുക.
കെ.എസ്. അബ്ദുല്ല ജില്ല ലീഗ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിച്ചിരുന്നു. ചില ഘട്ടങ്ങളിൽ ഇണങ്ങിയും പിണങ്ങിയും ലീഗ് നേതൃത്വത്തിൽ തുടർന്ന് എ. ഹമീദ് ഹാജി പുതിയ സഹചര്യത്തിൽ ഒരു വിഭാഗത്തിന്റെ പിന്തുണയിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിൽക്കുന്നത്.
നിലവിലുള്ള ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ പ്രസിഡന്റ് സ്ഥാനത്തേക്കും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അബ്ദുറഹ്മാന്റെ പിന്തുണയോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇവർക്ക് എതിരായി ജില്ല ലീഗ് ട്രഷറർ കല്ലട്രമാഹിൻ ഹാജി പ്രസിഡന്റ് സ്ഥാനത്തേക്കും ഇതേ ഗ്രൂപ്പിൽ പി.എം. മുനീർ ഹാജി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരത്തിന് ഒരുങ്ങിയിരിക്കുന്നു.
നാലു സ്ഥാനാർഥികളും മത്സര രംഗത്ത് ഉറച്ചുനിൽക്കുകയാണെന്ന് സംസ്ഥാന നേതൃത്വം മനസ്സിലാക്കിക്കഴിഞ്ഞു. എ. അബ്ദുറഹിമാനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിർത്തി കല്ലട്രയെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് മുന്നിലുള്ളത്. എന്നാൽ ട്രേഡ് യൂണിയൻ രാഷ്ട്രീയ നേതൃസ്ഥാനത്ത് മുഴുവൻ സമയ പ്രവർത്തകനായ അബ്ദുറഹ്മാനെ രംഗത്ത് ഇറക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കില്ല എന്ന നേതൃത്വത്തിനറിയാം.
കാഞ്ഞങ്ങാട്, കാസർകോട് മണ്ഡലം കമ്മിറ്റികളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ അബ്ദുറഹ്മാനുണ്ട്. എ. ഹമീദ് ഹാജി തൃക്കരിപ്പൂരിൽ നിന്നും ഭാഗികമായി കാഞ്ഞങ്ങാടുനിന്നുമുള്ള പിന്തുണയിലാണ് മത്സരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് സമവായത്തിനുള്ള അവസരം സൃഷ്ടിക്കാനാണ് ഹമീദ് ഹാജിയുടെ മത്സരം എന്നും പറയുന്നുണ്ട്.
കണ്ണൂരിൽ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽകരീം ചേലേരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാതൃകയാണ് അബ്ദുറഹ്മാന് മുന്നിലുള്ളത്. അതിൽ കുറഞ്ഞ ഒന്നിന് അബ്ദുറഹ്മാൻ ഒരുക്കമല്ല.
മറ്റ് എല്ലാവരെയും തള്ളി സംസ്ഥാന നേതൃത്വത്തിന്റെ സ്ഥാനാർഥിയായി രംഗത്തെത്താനാണ് ഹമീദ് ഹാജിയുടെ ശ്രമം. ഇതിന് ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ മൗനാനുവാദം ഹമീദ് ഹാജിക്കുണ്ട് എന്നാണ് സംസാരം.എ. അബ്ദുറഹിമാൻ പ്രസിഡന്റും എ. ഹമീദ് ഹാജി ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി ചിലരെങ്കിലും മനസ്സിൽ കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

