സമവായത്തിലെത്തി ചർച്ച; നടന്നില്ലെങ്കിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം മാറ്റിവെക്കും
text_fieldsകാസർകോട്: മുസ്ലിംലീഗ് ജില്ല കൗൺസിൽ യോഗം ഇന്ന് നടക്കാനിരിക്കെ നേതൃതലത്തിൽ സമവായ ഫോർമുല ഉരുത്തിരിഞ്ഞു.
കല്ലട്ര മാഹിൻ ഹാജിയെ പ്രസിഡന്റ് സ്ഥാനത്തേക്കും നിലവിലുള്ള ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്യുന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെടാത്ത സാഹചര്യം ഉണ്ടായാൽ കൗൺസിൽ യോഗം മാറ്റിവെക്കും. സംസ്ഥാന നേതൃത്വം തിങ്കളാഴ്ച രാവിലെ തന്നെ കാസർകോട്ടെത്തി ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. മത്സരത്തിൽ ഉറച്ചു നിൽക്കുന്ന കല്ലട്ര മാഹിനും നിലവിലെ ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാനുമാണ് നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി. ഇരുവരും ജില്ല പ്രസിഡന്റ് സ്ഥാനത്തേക്കാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്.
രണ്ടുപേർക്കും എതിരെയുള്ള ശക്തികളും പാർട്ടിയിലുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വേറെ മൂന്നുപേരുകൾ കൂടി പരിഗണനയിലുണ്ട്. എ.ജി.സി ബഷീർ(തൃക്കരിപ്പൂർ), പി.എം മുനീർ ഹാജി(മഞ്ചേശ്വരം), എ. ഹമീദ് ഹാജി (കാഞ്ഞങ്ങാട്). എ.ജി.സി. ബഷീറിനെതിരെ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും എതിർപ്പ് ശക്തമാണ്.
എ. ഹമീദ് ഹാജിക്ക് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ പൂർണ പിന്തുണയില്ല. പി.എം. മുനീർ ഹാജിയുടെ ലക്ഷ്യം മഞ്ചേശ്വരം നിയമസഭ മണ്ഡലമാണ്. പാർട്ടിയുടെ പ്രധാന പദവിയിൽ എത്തിയാൽ നിയമസഭയിലേക്കുള്ള സീറ്റ് ഉറപ്പിക്കാം. എന്നാൽ , അബ്ദുറഹ്മാനും കല്ലട്രക്കും ഇത്തരം എതിർപ്പുകളില്ല. അബ്ദുറഹ്മാൻ പ്രസിഡന്റ് സ്ഥാനമാണ് ആഗ്രഹിക്കുന്നത്.
സംസ്ഥാന നേതൃത്വം നിർബന്ധിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനത്തിലൂടെ ജില്ല നേതൃത്വം കൈപിടിയിലാകും. ഈ കാരണങ്ങളാൽതന്നെ സമവായത്തിൽ എത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന നേതൃത്വം ഈ നിലപാട് മുന്നോട്ട് വെച്ചാൽ മത്സരിക്കുന്നവർക്ക് ജയിച്ചുകയറാൻ ബുദ്ധിമുട്ടാകും. മറ്റ് മൂന്നുപേർ സഹ ഭാരവാഹി സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയോ സംസ്ഥാന നേതൃത്വത്തിൽ ലഭിക്കുന്ന സ്ഥാനമോ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, മുൻമന്ത്രി സി.ടി. അഹമ്മദലി എന്നിവർ സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന സമവായത്തിന് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

