മൈക്രോ ഗ്രീന്‍ കൃഷിയുമായി മുളിയാര്‍ കുടുംബശ്രീ
text_fieldsമുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ മുളപ്പിച്ചെടുത്ത മൈക്രോ ഗ്രീന്‍
കാസർകോട്: വൈവിധ്യങ്ങൾതേടി ഏറെ ശ്രദ്ധിക്കപ്പെട്ട മൂളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പുതിയ കൃഷിരീതിയുമായി വീണ്ടും. ജീവിതശൈലീ രോഗങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് ആരോഗ്യഭക്ഷണത്തിനു പ്രാധാന്യം നല്‍കുന്നവരുടെ ഇഷ്ടവിഭവം വളർത്തിയെടുക്കാനുള്ള കൃഷിയാണ് ഇത്തവണ നടപ്പാക്കുന്നത്. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് മൈക്രോഗ്രീന്‍ കൃഷിയാണ് കുടുംബശ്രീയുടെ പുതിയയിനം. വിറ്റാമിനും മിനറല്‍സും ആൻറി ഓക്സൈഡുകളും ബീറ്റ കരോട്ടിനും ഫാറ്റി അമിനോ ആസിഡുകളും അടങ്ങിയ ഈ കുഞ്ഞന്‍ ചെടികളെ വാണിജ്യാടിസ്ഥാനത്തില്‍ ഉൽപാദിപ്പിച്ചു വരുമാനം കണ്ടെത്തുകയാണ് മൂളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നാലംഗ കുടുംബശ്രീ പ്രവര്‍ത്തകര്‍.
പച്ചക്കറികളുടെ ചെറിയ തൈ വിത്തുകള്‍ ആണ് മൈക്രോഗ്രീന്‍. മുളച്ച വിത്തില്‍നിന്നു ബീജപത്രങ്ങള്‍ക്കു പുറമെ ആദ്യത്തെ രണ്ട് ഇലകള്‍ കൂടി ആയിക്കഴിയുമ്പോൾ മൈക്രോഗ്രീനായി ഉപയോഗിക്കാം.
ചീരയടക്കം സാധാരണ ഉപയോഗിക്കുന്ന ഏത് ഇലക്കറിയേക്കാള് പോഷകഗുണം മൈക്രോഗ്രീനുകള്‍ക്കുണ്ട്. സുലഭമായി ലഭ്യമാകുന്ന ചെറുപയര്‍, വന്‍പയര്‍, ഉലുവ, കടല, മുതിര മറ്റു ധാന്യങ്ങള്‍, ചീരവിത്ത് എന്നിവയാണ് ഇവര്‍ മൈക്രോഗ്രീന്‍ തയാറാക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ ബീറ്റ്റൂട്ട്, ബ്രോക്കോളി, റാഡിഷ്, പാച്ചോയി, കാബേജ്, ലെറ്റൂസ് എന്നിവയുടെ വിത്തുകളും ഉപയോഗിക്കുന്നു. ഏത് പാത്രവും മൈക്രോഗ്രീന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് ട്രേ, ഗ്രോബാഗ്, ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിങ്ങനെ എന്തിലും ഇവ വളരും. ചകിരിച്ചോറ്, കടലാസ്, മണ്ണ്, ജലം ഇതില്‍ ഏതെങ്കിലും ഒന്ന് വളര്‍ത്താനുള്ള വസ്തുവായി ഉപയോഗിക്കാം.
കുറഞ്ഞത് വിത്ത് എട്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. മൈക്രോഗ്രീന്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രം ശുദ്ധീകരിച്ച് ചകിരിച്ചോറ്, കടലാസ് (ന്യൂസ് പേപ്പര്‍ പാടില്ല) പാത്രത്തിന്റെ പകുതി നിറച്ച് വെള്ളത്തിലിട്ട് വിത്തുകള്‍ ക്രമീകരിച്ച് വിതറുക. രണ്ടുദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളച്ച് ശുദ്ധമായ ഇലകള്‍ വരും. രണ്ടുനേരം വെള്ളം സ്പ്രേ ചെയ്തു നനക്കണം.
ഏഴു മുതല്‍ 10 ദിവസം ആകുമ്പോഴേക്കും മൈക്രോ ഗ്രീന്‍ രൂപത്തില്‍ ഇലകള്‍ വിളവെടുക്കാൻ പാകത്തിലാകും. മൈക്രോ ഗ്രീന്‍ ഇലകള്‍ക്ക് വിത്തുകളെക്കാള്‍ 40 ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും എല്ലാം ലഭിക്കുന്ന സ്റ്റേജ് ആണ് മൈക്രോഗ്രീന്‍. അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്നേഷ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
തൈകള്‍ക്ക് 30 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. സാധാരണയായി ഇലക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ മൈക്രോഗ്രീനായി ഉപയോഗിക്കാം.
ഇതിന് പുറമേ സാലഡില്‍ വേവിക്കാതെയും ഉപയോഗിക്കാവുന്നതാണെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

