ഒ.വി. വിജയന്റെ 'കടൽത്തീരത്തി'ന് രംഗഭാഷ്യവുമായി അമ്മമാർ
text_fieldsതൃക്കരിപ്പൂർ: അമ്മമാർ വെള്ളായിയപ്പനായും കണ്ടുണ്ണിയായും കൺമുന്നിലെത്തിയപ്പോൾ വിദ്യാലയമുറ്റം 'കടൽത്തീരത്തേക്ക് ' യാത്രയായി. ഉദിനൂർ സെൻട്രലിലെ കുട്ടികൾക്കാണ് വായനദിനം അവിസ്മരണീയമായത്. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ ഓപൺ ലൈബ്രറിയുടെ നേതൃത്വത്തിലാണ് അമ്മമാർ ചേർന്ന് വിഖ്യാത ചെറുകഥക്ക് രംഗഭാഷ്യമൊരുക്കിയത്.
കുട്ടികളെ വായനയിലേക്ക് നയിക്കാൻ നൂതന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള ആലോചനയുടെ ഭാഗമായാണ് അമ്മമാരുടെ ഈ ശ്രമം. അപരന്റെ വേദനകൾ തങ്ങളുടേതു കൂടിയാണ് എന്ന മാനവികതാബോധം പുതുതലമുറ ഏറ്റെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മമാർ. അഞ്ജു, മൃദുല, അംബിക നായർ, രാഗി, മനീഷ, വിദ്യ, ഷംല, രമ്യ വിനീഷ്, ശരണ്യ എന്നിവരാണ് ദൃശ്യാവിഷ്കാരത്തിന് പിന്നിൽ. കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. വേദനയിൽനിന്നാണ് കലയും സാഹിത്യവും ഉരുവം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപരന്റെ വേദന അറിയാൻ വായന ശീലമാക്കണം. ഏഴാം തരം വിദ്യാർഥി വേദജയൻ 'കൊയക്കട്ട ' കവിത ആലപിച്ചു. തുടർന്ന് കുട്ടികൾ കവിത സംവാദം നടത്തി. വേദശ്രീ വി. രാജ്, പി.വി. ഷാജികുമാറിന്റെ 'ജാനകി ഉണ്ടാക്കിയ കഥകൾ' വായനാനുഭവം പങ്കുവെച്ചു. പ്രധാനാധ്യാപകൻ കെ. രാജേഷ് കുമാർ, പി.ടി.എ പ്രസിഡൻ്റ് എം. ശ്രീജേഷ്, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

