കാലവർഷമെത്താറായി; കടലാക്രമണം ചെറുക്കാനുള്ള പദ്ധതികൾ കടലാസിലൊതുങ്ങുന്നു
text_fieldsകടൽഭിത്തിക്കായി കൊണ്ടിട്ട കരിങ്കല്ലുകൾ മൊഗ്രാൽ നാങ്കി തീരത്ത് ഉപേക്ഷിച്ചനിലയിൽ
കാസർകോട്: ജില്ലയിലെ 87.65 കിലോമീറ്റർ കടൽതീരത്ത് കടലാക്രമണം ചെറുക്കാൻ ഈ വർഷവും പദ്ധതികളൊന്നുമില്ല. കാസർകോട് ജലസേചന ഉപവിഭാഗം സമർപ്പിച്ച പദ്ധതികളിൽ തീരുമാനമാകാത്തത് കടലോരജനതയുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
ഓരോ വർഷവും കലിതുള്ളിവരുന്ന കടലേറ്റം തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഇതിൽ ജീവനും വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്നവർ ഏറെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതാണ് ജില്ലയിലെ തീരദേശങ്ങളുടെ സ്ഥിതി.
ഓരോ ദുരന്തസമയത്തും സമഗ്ര പദ്ധതികളും പുനരധിവാസവുമൊക്കെ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഭരണകർത്താക്കൾ ഇവയെല്ലാം കടലാസിലും വാക്കിലും സന്ദർശനത്തിലും ഒതുക്കുകയാണെന്നാണ് ആക്ഷേപം. സംരക്ഷണ പദ്ധതികൾക്കായുള്ള മുറവിളി ബന്ധപ്പെട്ടവർ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആക്ഷേപമാണ് തീരദേശജനതക്കുള്ളത്.
വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങൾക്കും ഒരുതരി മണ്ണുപോലും ബാക്കിയാക്കാത്തതരത്തിലാണ് കടൽ വിഴുങ്ങുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം തിരമാലകൾ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ. ജില്ലയിലെ 85 കിലോമീറ്റർ കടൽതീരത്ത് 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്.
തീരദേശ ജനതയുടെ കണ്ണിൽപൊടിയിടാൻ കോടികളും ലക്ഷങ്ങളുമാണ് ഓരോ വർഷവും അശാസ്ത്രീയമായുള്ള തീരസംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽകൊണ്ടിട്ട് തുലക്കുന്നത്. ചെറിയ കരിങ്കല്ലുകൾ, മണൽചാക്കുകൾകൊണ്ടുള്ള കടൽഭിത്തികൾക്ക് ശക്തമായ കടലാക്രമണത്തെ ചെറുക്കാൻ ഉതകുന്നില്ല. അതുകൊണ്ടുതന്നെയാണ് ശാസ്ത്രീയമായ പദ്ധതികൾക്കുവേണ്ടി മുറവിളിയുയരുന്നത്.
കഴിഞ്ഞവർഷം സംസ്ഥാന സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ സന്നദ്ധസംഘടന നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാടുവരെയുള്ള രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ തീരദേശജനത ആവശ്യപ്പെടുന്ന തരത്തിൽ ടെട്രോ പോഡ് ഉപയോഗിച്ചുകൊണ്ട് സംരക്ഷണഭിത്തികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി അറിയിച്ചിരുന്നു. എന്നാൽ, അത് കടലാസിലൊതുങ്ങുകയായിരുന്നു.
അതിനിടെ മൊഗ്രാൽ നാങ്കി പ്രദേശത്ത് കടൽഭിത്തി സ്ഥാപിക്കാൻ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ നാട്ടുകാരുടെ എതിർപ്പുമൂലം കഴിഞ്ഞ മൂന്നുവർഷത്തോളമായി കടൽതീരത്ത് ഉപേക്ഷിച്ചനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

