മഞ്ഞവസന്തമൊരുക്കി വിഷുവിനെ വരവേറ്റ് കൊന്നപ്പൂക്കൾ
text_fieldsനീലേശ്വരം ചിറപ്പുറത്ത് റോഡരികിൽ പൂത്തു നിൽക്കുന്ന കൊന്നമരം
നീലേശ്വരം: വിഷുവിനെ വരവേൽക്കാൻ കൊന്നപ്പൂക്കൾ അണിഞ്ഞൊരുങ്ങി. നാട്ടിൻപുറങ്ങളിലും നഗരത്തിലും പാതയോരത്ത് ഇപ്പോൾ മഞ്ഞവസന്തമായി കണിക്കൊന്ന മരങ്ങൾ കാഴ്ചക്കാരിൽ മിഴിയഴകുമായി പൂത്തുലഞ്ഞു. വർഷത്തിൽ ഒറ്റത്തവണമാത്രം പൂക്കുന്ന സ്വർണനിറത്തിലുള്ള പൂക്കൾ പ്രകൃതിയെയും മനോഹരമാക്കുന്നു.
വിഷുവിന് കണിയൊരുക്കാൻ മലയാളിയുടെ പടിഞ്ഞാറ്റയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഈ പൂക്കൾ. നഗരത്തിലെ വിപണിയിൽ പ്ലാസ്റ്റിക് പൂക്കൾ കിട്ടുമെങ്കിലും വാങ്ങുന്നവർ വിരളമാണ്. ചില വിരുതൻമാർ വിഷുത്തലേന്ന് കൊന്നപ്പൂക്കൾ ശിഖിരത്തോടുകൂടി പറിച്ചെടുത്ത് റോഡരികിൽ വിൽപന നടത്തി പോക്കറ്റ് മണിയാക്കാറുണ്ട്. മലയാളമാസം ആരംഭിക്കുന്ന മേടം ഒന്ന് കണിയൊരുക്കാൻ മലയാളിയുടെ പടിഞ്ഞാറ്റയിൽ ചക്കയും മാങ്ങയും വെള്ളരിയും ഒരുക്കുമ്പോൾ കൊന്നപ്പൂവും വെച്ചാൽ കുടുംബത്തിന് അഭിവൃദ്ധി ലഭിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. പണ്ടുകാലങ്ങളിൽ കുട്ടികൾ കൂട്ടമായി ഉച്ചത്തിൽ കണി കണിയോ എന്ന് വിളിച്ച് ഓരോ വീടും കയറിയിറങ്ങി പലഹാരങ്ങളും കൈനീട്ടവും വാങ്ങാൻ എത്തുമായിരുന്നു.
എന്നാൽ, ഇന്നത്തെ ന്യൂജെൻ തലമുറ മൊബൈൽ ഫോണിലും ലഹരികളിലും മുഴുകുമ്പോൾ വിഷുവിന്റെ പഴയകാല കാഴ്ചകൾ ഒരു തലമുറമാറ്റമില്ലാതെ കടന്നുപോകുന്നു. എങ്കിലും, കാർഷികസമൃദ്ധിയുടെ ആരംഭംകുറിക്കുന്ന വിഷുക്കാലത്ത് വയലിന്റെ ഒരുഭാഗത്ത് നെൽമണികൾ മണ്ണിലെറിഞ്ഞ് കതിരിന്റെ നൂറുമേനി വിളയിക്കാൻ നാളെയെ വരവേൽക്കുന്ന ഒരുതലമുറ ഇന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

