മന്ത്രി അറിയണം; ഇതും ഒരു മെഡിക്കൽ കോളജാണ്
text_fieldsകാസർകോട്: ആരോഗ്യ രംഗത്ത് സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയിലെ മെഡിക്കൽ കോളജിൽ വീണ്ടും ആരോഗ്യ മന്ത്രിയെത്തുന്നു. തറക്കല്ലിട്ട് ഒമ്പതുവർഷം പൂർത്തിയാവാനായിട്ടും ആശുപത്രി കെട്ടിടം പോലും പൂർത്തിയാക്കാൻ കഴിയാത്ത സംസ്ഥാനത്തെ ഏക മെഡിക്കൽ കോളജാണ് ജില്ലയിലേത്.
ഒപ്പം തുടങ്ങിയ ഇടുക്കി, കോന്നി, മഞ്ചേരി മെഡിക്കൽ കോളജുകൾ ബഹുദൂരം മുന്നിലെത്തിയിട്ടും കാസർകോട്ടേത് തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 നവംബറിലാണ് ഉക്കിനടുക്കയിൽ കോളജിന് തറക്കല്ലിട്ടത്. ഇതിനൊപ്പം പ്രഖ്യാപിച്ച മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബാച്ചുകൾ പുറത്തിറങ്ങി. കോന്നിയിലും ഇടുക്കിയിലും കിടത്തിചികിത്സയടക്കം വിവിധ പഠനവകുപ്പുകളും തുടങ്ങി.
കാസർകോട്ടേത് ആശുപത്രി സമുച്ചയം പോലും പാതിവഴിയിലാണ്. തുക അനുവദിക്കാത്തതിനാൽ പ്രധാന കെട്ടിടം പണി നിർത്തിവെച്ചിരിക്കുകയാണ്. 12 കോടിയുടെ കുടിശ്ശിക ലഭിക്കാത്തതിനാൽ കരാറുകാരൻ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. അക്കാദമിക് ബ്ലോക്കാണ് ആകെ പൂർത്തിയായത്. ഇവിടെ താൽക്കാലിക ഒ.പി തുടങ്ങിയിരിക്കുകയാണ്. രാവിലെ ഒമ്പതുമുതൽ ഉച്ച ഒരുമണിവരെയാണ് ഒ.പി പ്രവർത്തനം. ഒരു പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രയോജനം പോലുമില്ലാത്ത മെഡിക്കൽ കോളജ്. പ്രിൻസിപ്പലോ സൂപ്രണ്ടോ ഒന്നുമായില്ല.
വിവിധ വകുപ്പുകളിലായി ആകെ 11 ഡോക്ടർമാരാണുള്ളത്. കടലാസിൽ കുറെ ജീവനക്കാരുണ്ടെങ്കിലും അവരെല്ലാം മറ്റ് ജില്ലകളിൽ ജോലി ചെയ്യുകയാണ്. മികച്ച ചികിത്സ കിട്ടാതെ എൻഡോസൾഫാൻ ദുരിത ബാധിതരായ അഞ്ച് കുഞ്ഞുങ്ങളാണ് മാസങ്ങൾക്കിടെ മരിച്ചത്. വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ തറക്കല്ലിടാനാണ് മന്ത്രി വെള്ളിയാഴ്ച കാസർകോട്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

