വിദ്യാനഗറിൽ വൻ മയക്കുമരുന്ന് വേട്ട; യുവാക്കൾ അറസ്റ്റിൽ
text_fieldsകാസർകോട്: വിദ്യാനഗർ പരിധിയിൽ നടത്തിയ മിന്നൽപരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായി. മുട്ടത്തൊടി ആതിഫ് മൻസിലിൽ എ.സി. മുഹമ്മദ് അൻഷീദ് (26), ചെങ്കള കുരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (23) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ പി. സഫ് വാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 34.31 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
പട്രോളിങ്ങിനിടെ റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കെ.എൽ 14 എ.സി 8049 നമ്പർ സ്വിഫ്റ്റ് കാർ പരിശോധിക്കാൻ പൊലീസ് അടുത്തേക്ക് ചെന്നപ്പോൾ കാറിന് പുറത്തുണ്ടായിരുന്ന യുവാവ് കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് സംഘം വാഹനം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. കാറിന്റെ ഡാഷ്ബോർഡിൽനിന്നും പ്രതികളുടെ പക്കൽനിന്നുമായി മൂന്നു പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
34.31 ഗ്രാം എം.ഡി.എം.എ, ലഹരിക്കടത്തിനുപയോഗിച്ച സ്വിഫ്റ്റ് കാർ, രണ്ട് ഐഫോണുകൾ, വിവിധ ബാങ്ക് കാർഡുകൾ, 11,240 രൂപയും 30 യു.എ.ഇ ദിർഹവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ലഹരിമരുന്ന് വിൽപനസംഘത്തിലെ പ്രധാനികളാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇൻസ്പെക്ടർ പി. സഫ് വാൻ, സി.പി.ഒമാരായ സി. നിധീഷ്, ബിജു, ജില്ല ഡാൻസാഫ് സംഘവും പരിശോധകസംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

