മാന്യ ക്രിക്കറ്റ് സ്റ്റേഡിയം; പഞ്ചായത്ത് ഭരണസമിതിക്കെതിരെ മന്ത്രിക്ക് സി.പി.എം നിവേദനം
text_fieldsബദിയടുക്ക: മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി റവന്യൂസ്ഥലവും തോടും കൈയേറിയ സംഭവത്തിൽ ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയുടെ അനുകൂല തീരുമാനത്തിനെതിരെ സി.പി.എം തദ്ദേശ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി. പഞ്ചായത്ത് ഭരണസമിതി തീരുമാനം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി സർക്കാറിലേക്ക് എഴുതിയിരുന്നു. കൈയേറി നിരപ്പാക്കിയ പഞ്ചായത്തുസ്ഥലവും തോടും പാട്ടത്തിന് നൽകി ക്രമപ്പെടുത്താൻ ജൂലൈ 26ന് നടന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരയാണ് സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയത്.
സ്ഥലം കൈയേറി നിരപ്പാക്കിയ സംഭവത്തിൽ കോടതിയിൽ കേസുണ്ട്. പഞ്ചായത്ത് തോട് പാട്ടത്തിന് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിരുന്നു. കയേറിയ തോട് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തെയാണ് സി.പി.എം അംഗങ്ങൾ എതിർത്തത്. പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അടുത്ത യോഗത്തിലേക്ക് മാറ്റിയതും പഞ്ചായത്തിന് തിരിച്ചടിയായി.
യു.ഡി.എഫിനു പുറമെ ബി.ജെ.പിയും തോടു പാട്ടത്തിന് നൽകാൻ പിന്തുണച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നിയമപരമല്ലാത്ത തീരുമാനം തള്ളിക്കളയണമെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സംരക്ഷണം നൽകേണ്ടവർ തന്നെ തോടുകളും, പുഴകളും എഴുതിക്കൊടുത്തത് നിയമലംഘനമാണ്.
യു.ഡി.എഫും ബി.ജെ.പിയും കൈകോർത്ത് എന്തും നടപ്പാക്കാൻ തുടങ്ങിയാൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ലോക്കൽ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

